ന്യൂഡൽഹി: രണ്ടായിരം രൂപാ നോട്ട് പിൻവലിച്ച ആർബിഐ നടപടിക്ക് പിന്നാലെ വിതരണത്തിലുള്ള 76 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. മെയ് 19-നായിരുന്നു 2000 രൂപാ നോട്ടിന്റെ വിനിമയം നിർത്തലാക്കിയത്. ജനങ്ങളുടെ കൈവശമുള്ള നോട്ടുകൾ സെപ്റ്റംബർ 30നകം ബാങ്കുകളിലെത്തിക്കണമെന്നും ആർബിഐ ഉത്തരവിട്ടിരുന്നു.
ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം 2.72 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെ ബാങ്കുകളിലെത്തിയത്. അതായത് ജനങ്ങളുടെ കൈവശമുള്ള 76 ശതമാനം രണ്ടായിരം രൂപാ നോട്ടും ബാങ്കിന് ലഭിച്ചു കഴിഞ്ഞു. ഇതിൽ 87 ശതമാനം നോട്ടുകളും അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ബാങ്കിന് കൈമാറിയത്. 13 ശതമാനം മാത്രമാണ് മറ്റ് നോട്ടുകളാക്കി തിരിച്ചുനൽകിയിട്ടുള്ളതെന്നും ആർബിഐ വ്യക്തമാക്കി. നിലവിൽ ആർബിഐ നൽകിയിട്ടുള്ള കാലാവധി പ്രകാരം സെപ്റ്റംബർ 30നുള്ളിൽ ബാങ്കിന് നോട്ടുകൾ കൈമാറിയില്ലെങ്കിൽ ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ കറൻസി അസാധുവാകുന്നതാണ്.
Comments