സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അക്ഷയ് കുമാർ ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’. മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശിവാജിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പോസ്റ്ററിന് വൻ സ്വീകരണമാണ് ലഭിച്ചത്. അക്ഷയ് കുമാർ ആദ്യമായി അഭിനയിക്കുന്ന മറാത്തി ചിത്രം എന്ന പ്രത്യേകതയും വേദാന്ത് മറാത്തേ വീർ ദൗദലേ സാത്തിനുണ്ട്.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് ശിവാജിയുടെ വേഷം ചെയ്യാൻ ബോളിവുഡിൽ നിന്നും അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് മഞ്‍ജരേക്കർ. ഛത്രപതി ശിവാജി മഹാരാജിന്റെ റോളിലേയ്‌ക്ക് ഒരു കാസ്റ്റിംഗ് നടത്തുക എന്നത് തന്നെ വലിയ ഉത്തരവാദിത്വമാണെന്ന് സംവിധായകൻ പറഞ്ഞു. ശിവാജി മഹാരാജിന്റെറെ റോളിലേയ്‌ക്ക് അക്ഷയ് കുമാറിനെ കാസ്റ്റ് ചെയ്യാൻ കാരണം അദ്ദേഹത്തിനുള്ള സാമ്യത തന്നെയാണെന്നും മഹേഷ് മഞ്‍ജരേക്കർ അഭിപ്രായപ്പെട്ടു.
‘അക്ഷയുടെ മൂക്ക് ശിവാജി മഹാരാജിന്റെ മൂക്കിനോട് സാമ്യമുള്ളതാണ്. ഞങ്ങളുടെ പക്കലുള്ള ശിവാജിയുടെ രേഖാചിത്രവുമായി ഒത്തുവെച്ച് നോക്കുമ്പോൾ അക്ഷയ്‌ക്ക് ശിവാജിയുടെ മുഖച്ഛായ തോന്നി. മാത്രമല്ല, ശിവാജിയായി സ്‌ക്രീനിലെത്തുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം വളരെ അവേശഭരിതനായിരുന്നു. മഹാരാഷ്‌ട്രയാണ് തന്റെ ജന്മഭൂമിയെന്നും കർമഭൂമിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അക്ഷയ് നന്നായി മാറാത്തിയും സംസാരിക്കും. അത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റ് ആയിരുന്നു’- മഹേഷ് മഞ്‍ജരേക്കർ പറഞ്ഞു.
മാറാത്തിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ എത്തും. അടുത്ത വർഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഖുറേഷി പ്രൊഡക്ഷന്റെ ബാനറിൽ വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്.
Comments