തിരുവനന്തപുരം; നാളെ പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്.
പ്ലസ് വൺ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകളും പൂർത്തിയാക്കി. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർസെക്കൻഡറിയിൽ പഠിക്കുന്നതിന് അവസരമുള്ളത്. എൻഎസ്‌ക്യൂഎഫ് പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പുതിയ കോഴ്‌സുകൾ വന്നിട്ടുണ്ട്.
സ്‌കൂളിന്റെയും പ്രിൻസിപ്പലിന്റെയും ക്ലാസ് ചുമതലയുള്ള അദ്ധ്യാപകൻ/ അദ്ധ്യാപികയുടെയും ഫോൺ നമ്പർ വിദ്യാർത്ഥികൾക്ക് നൽകണം. അതോടൊപ്പം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താവിന്റെ ഫോൺ നമ്പർ ക്ലാസ് ചുമതലയുള്ള അദ്ധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണം.
ഒരു വിദ്യാർത്ഥി ക്ലാസിലെത്തിയില്ലെങ്കിൽ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണമെന്നും നിർദ്ദേശമുണ്ട്. യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, അക്കാദമിക് ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു തുടങ്ങിയവരും പങ്കെടുത്തു.
Comments