എഐഎഫ്എഫിന്റെ ഫുട്‌ബോൾ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടം. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളയ്‌ക്കായും ഷിൽജി ഷാജി പുറത്തെടുത്ത പ്രകടനങ്ങളാണ് താരത്തിനെ പുരസ്‌കാര നേട്ടത്തിന് അർഹയാക്കിയത്. ഖേലോ ഇന്ത്യ അണ്ടർ17 ഗേൾസ് ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ ഗോകുലം കേരള എഫ്സിക്കായി കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോഴിക്കോട് കക്കയം സ്വദേശിയായ ഷിൽജിയുടെ ദേശീയ ടീമിലേക്കുള്ള യാത്രയുടെ തുടക്കം.
മലയാളി പരിശീലക ആയ പ്രിയ പിവി മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ഇന്ത്യയുടെ യുവ ടീമിനൊപ്പവും സീനിയർ ടീമിനൊപ്പവും പ്രിയ പ്രവർത്തിക്കുന്നുണ്ട്.ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച പരിശീലയകാണ് പ്രിയ പി വി. ഇന്ത്യൻ വിങ്ങർ ലാലിയൻസുവാല ചാങ്‌തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ചാങ്‌തെ ആദ്യമായാണ് ഈ പുരസ്‌കാരം നേടുന്നത്. ഇന്ത്യക്കായും മുംബൈ സിറ്റിക്കായും ചാങ്‌തെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇപ്പോൾ യൂറോപ്പിൽ കളിക്കുന്ന മനീഷ കല്യാൺ ആണ് മികച്ച വനിതാ താരമായത്. മുൻ ഗോകുലം കേരള താരമായ മനീഷ ഇപ്പോൾ സൈപ്രസ് ക്ലബായ അപോളനിലാണ് കളിക്കുന്നത്.ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേർജിംഗ് താരമായത്. ആകാശ് മിശ്ര ഹൈദരബാദിനായും ഇന്ത്യക്കായും ഏറെ കാലമായി മികച്ച പ്രകടനം നടത്തുന്നുണ്ട്.ഒഡീഷയെ സൂപ്പർ കപ്പ് കിരീടത്തിലേക്ക് എത്തിച്ച ക്ലിഫോർഡ് മിറാണ്ട മികച്ച പുരുഷ പരിശീലകനായി.
Comments