മുംബൈ: ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചപ്പോൾ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. 2022-ൽ ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്നും പുറത്ത് പോയപ്പോൾ മഹാവികാസ് അഘാടി സർക്കാർ തകരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് എൻസിപിയുടെ 51 എംഎൽഎമാർക്കും ഷിൻഡെ സർക്കാരിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ തങ്ങൾ പാർട്ടിയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു അന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയം കുടുംബ ബന്ധങ്ങൾക്ക് തടസ്സമാകരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. പവാർ കുടുംബത്തിന് നന്മകൾ നേരുന്നു എന്നും തന്നെയും പവാർ കുടുംബത്തിലെ ഒരു അകന്ന അംഗമായാണ് താൻ കാണുന്നതെന്നും ഇത് അംഗീകരിക്കാൻ ശരദ് പവാറിനോട് അപേക്ഷിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ എന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. അദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ച് തീരുമാനം എടുക്കട്ടെയെന്നും പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു.
അതേസമയം, അജിത് പവാറും പ്രഫുൽ പട്ടേലും അടക്കമുള്ള നേതാക്കളെ പുറത്താക്കിയെന്നും എൻസിപി ശിഥിലമായിട്ടില്ലെന്നും തിരിച്ചുവരുമെന്നുമാണ് ശരദ് പവാർ പറയുന്നത്. എന്നാൽ അജിത് പവാർ അടക്കമുള്ള കരുത്തന്മാരുടെ അഭാവം ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ നീക്കം നീരിക്ഷകർക്കിടയിൽ പോലും ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു.
















Comments