തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ധനുഷ്. മലയാളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് അദ്ദേഹം. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മുൻപ് ആളെ തിരിച്ചറിയാനാകാത്ത വിധം മുടിയും താടിയും നീട്ടി വളർത്തിയായിരുന്നു താരം എത്തിയതെങ്കില് ഇത്തവണ മുടി മൊട്ടിയടിച്ചാണ് താരം എത്തിയിരിക്കുന്നത്. കുടുംബസമേതം തിരുപ്പതി ക്ഷേത്രത്തിലെത്തിയിരിക്കുകയാണ് താരമിപ്പോൾ.
പുതിയ ലുക്ക് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഡി50- ക്ക് വേണ്ടിയുള്ളതാണോ അതോ താരം ക്ഷേത്രത്തിലെ വഴിപാടിന്റെ ഭാഗമായി തല മൊട്ടയടിച്ചതാണോ എന്നാണ് ആരാധകരുടെ സംശയം. മക്കളായ യാത്ര, ലിംഗ എന്നിവരും മാതാപിതാക്കളായ കസ്തൂരി രാജ, വിജയലക്ഷ്മി എന്നിവരും ധനുഷിനൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു താരം കുടുംബസമേതം തിരുപ്പതി ദേവസ്ഥാനത്ത് എത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കഴുത്തിൽ രുദ്രാക്ഷ മാലയണിഞ്ഞ ധനുഷിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ്. ചിത്രത്തിനായാണ് ധനുഷ് മുടിയും താടിയും നീട്ടി വളർത്തിയത്. എന്നാൽ ധനുഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ക്യാപ്റ്റൻ മില്ലറിന്റെ ചിത്രീകരണം അവസാനിച്ചോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. അടുത്തിടെ ക്യാപ്റ്റൻ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പങ്കുവെച്ചിരുന്നു.
















Comments