ന്യൂഡൽഹി: മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മേൽനോട്ട സമിതിയുടെ പരാമർശം. അതേസമയം സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനായിരുന്നു സുപ്രീംകോടതി നിർദ്ദേശം. ഇതിനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കുമെന്ന് കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനയുമായി തമിഴ്നാട് മുന്നോട്ടുപോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതിയിൽ മേൽനോട്ട സമിതി സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് പരാമർശം. സ്വതന്ത്ര പഠനത്തിന് കോടതി നിർദ്ദേശിച്ചിരിക്കെ പരിശോധനയ്‌ക്ക് തമിഴ്നാടിനെ ചുമതലപ്പെടുത്തിയത് കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കും.
പ്രളയ സാഹചര്യം കണക്കിലെടുത്ത് ഡാം തുറക്കുന്നത് സംബന്ധിച്ച വിവരം മൂൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാര്യങ്ങളിൽ പരിഹാരം കാണാനാണ് തീരുമാനമെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. വള്ളക്കടവ് –മുല്ലപ്പെരിയാർ ഗാട്ട് റോഡ് അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തുന്ന വിഷയത്തിൽ കേരളം സഹകരിക്കുന്നില്ലെന്ന പരാതിക്കും തീർപ്പുണ്ടായെന്നാണ് വിവരം. നിർമാണത്തിനുള്ള എസ്റ്റിമേറ്റ് കേരളത്തിന്റെ വനം വകുപ്പ് തമിഴ്നാടിന് കൈമാറും. തുക ലഭ്യമാകുന്ന മുറയ്‌ക്ക് കേരളം നിർമാണത്തിലേക്കു കടക്കും. അതേസമയം, ബേബി, എർത്ത് ഡാമുകളിലെ 15 മരങ്ങൾ മുറിച്ചുനീക്കുന്ന കാര്യത്തിൽ തീർപ്പായില്ല. കേരളം ഇനിയും അനുമതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിനു പരിഹാരം കാണാൻ സമിതി ഇരു ചീഫ് സെക്രട്ടറിമാരോടും നിർദേശിച്ചു.
Comments