എറണാകുളം: ഒടുവിൽ ഷീല സണ്ണിയ്ക്ക് നീതി.വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയ്‌ക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി ഒഴിവാക്കി. കേസ് റദ്ദാക്കണമെന്ന് നൽകിയ ഹർജിയിലാണ് ഉത്തരവ്.
മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വെച്ചെന്നാരോപിച്ചാണ് ഷീലയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് 72 ദിവസമാണ് ഷീല ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞത്. ഷീലയുടെ പക്കൽ നിന്നും പിടിച്ചെടുത്ത വസ്തു ലഹരിപദാർ്ത്ഥമല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശന്റെ മൊഴിയും മഹസ്സർ റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സതീശന്റെ മൊഴി. എന്നാൽ സ്‌കൂട്ടറിൽ നിന്നിറങ്ങിയ ഷീലയെ തടഞ്ഞ് നിര്ത്തി പിടികൂടുകയായിരുന്നു.
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയതിന് പിന്നാലെ സതീശനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാളുടെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനകൾ പുരോഗമിക്കുകയാണ്. ഇന്റർനെറ്റ് കോൾ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫോൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
















Comments