സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്. അതോടൊപ്പം മഴക്കെടുതികളും ഏറിയിരിക്കുകയാണ്. മഴക്കാലത്ത് കാൽനടക്കാരും കുട്ടികളും ശ്രദ്ധ നൽകുന്നത് പോലെ തന്നെ വാഹനയാത്രികരും ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനയാത്രക്കാർ പ്രത്യേകിച്ചും വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് മഴക്കാലം. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.
ആദ്യമായി ശ്രദ്ധിക്കേണ്ടത് വാഹനങ്ങളുടെ ടയറുകളാണ്. ഓരോ ടയറുകളുടെയും പാറ്റേണും ത്രെഡും വ്യത്യസ്തമായിരിക്കും. അഡ്വഞ്ചർ വാഹനങ്ങളുടെ ടയറുകൾ പോലെ ആയിരിക്കില്ല സാധാരണ വാഹനങ്ങളുടേത്. നനഞ്ഞ പ്രതലങ്ങളിലൂടെ സുഗമമായ യാത്ര സാധ്യമാക്കുന്ന തരത്തിലുള്ള ടയറുകളുണ്ട്. മഴക്കാലത്തേക്കു മാത്രമായി ഉപയോഗിക്കാൻ കഴിയുന്ന ടയറുകൾ വാങ്ങണമെന്നില്ല. പകരം വരണ്ടതും നനഞ്ഞതുമായ കാലാവസ്ഥകളിൽ ഒരുപോലെ ഓടിക്കാൻ കഴിയുന്ന തരത്തിലുള്ള ടയർ തിരഞ്ഞെടുക്കാം. മഴക്കാലത്തേക്കു മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ടയറുകൾ വേണമെന്നുള്ളവർക്ക് അവ തിരഞ്ഞെടുക്കാവുന്നതാണ്. അത്തരക്കാർ മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ ടയർ മാറ്റുക.
സ്വയം സുരക്ഷക്കായി ഹെൽമെറ്റ്, ജാക്കറ്റ്, ഹാൻഡ് ഗ്ലൗസ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് റൈഡിങ്ങ് ജാക്കറ്റുകൾ ഒഴിവാക്കാവുന്നതാണ്. പകരം മാർക്കറ്റിൽ ലഭ്യമായ മികച്ച വാട്ടർപ്രൂഫ് മഴക്കോട്ടുകൾ വാങ്ങാം. ഓഫീസാവശ്യങ്ങൾക്കും മറ്റും വീട്ടിൽ നിന്നും സ്ഥിരം യാത്ര ചെയ്യുന്നവരാണെങ്കിൽ ഒരു റെയിൻകോട്ട് ഓഫീസിലും ഒന്ന് വീട്ടിലും സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം പ്രതീക്ഷിക്കാത്ത സമയമായിരിക്കും പലപ്പോഴും മഴ പെയ്യുക. മിക്ക ഇരുചക്ര വാഹനങ്ങളിലും ഇത്തരം സാധനങ്ങളൊക്കെ സൂക്ഷിക്കാൻ സ്ഥലമുണ്ടാകും. അവിടെയും റെയിൻ കോട്ട് വെയ്‌ക്കാവുന്നതാണ്.
മഴ പെയ്തു തുടങ്ങുമ്പോൾ വെള്ളവും റോഡിലെ ഓയിലും ചേർന്ന് മിക്ക റോഡുകളിലും തെന്നൽ കൂടുതലായിരിക്കും. അതിനാൽ മഴ പെയ്യാനാരംഭിക്കുമ്പോൾ കുറച്ച് നേരം വണ്ടി നിർത്തി സുരക്ഷിതരായി കയറി നിൽക്കുക. വെള്ളം ഒഴുകിപ്പോയതിനു ശേഷം മാത്രം യാത്ര തുടരുന്നതാണ് നല്ലത്. ചിലപ്പോൾ മഴ പെയ്ത് കുറേ നേരം കഴിഞ്ഞാൽ പോലും റോഡിൽ മഴവിൽ നിറത്തിൽ ഓയിൽ കിടക്കുന്നത് പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ പേടിക്കേണ്ടതില്ല. വേഗത കുറച്ച് സാവധാനം വണ്ടി ഓടിക്കുക. പരമാവധി മഴക്കാലത്ത് വാഹനങ്ങൾ വേഗം കുറച്ച് സുരക്ഷിതമായി ഓടിക്കുക.
Comments