പുണ്യസ്ഥലങ്ങൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ പ്രധാനപ്പെട്ട വിവിധയിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ നടത്തുന്നത്. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം മുതൽ വരാണാസിയും അയോദ്ധ്യയും ഋഷികേശുമൊക്കെ സന്ദർശിക്കാനുള്ള പാക്കേജുകൾ കേരളത്തിൽ നിന്നും നടത്താറുണ്ട്.
യുവാക്കൾക്കും മുതിർന്നവർക്കും വയോജനങ്ങൾക്കും പ്രയോജനപ്രദമാകും വിധമാകും ഇനി മുതലുള്ള യാത്രയെന്നാണ് വിവരം. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്നതാണ് പുതിയ പാക്കേജ്. 11 രാത്രിയും 12 പകലും ചേരുന്ന പാക്കേജ് ജൂലൈ 31-നാകും തിരികെയെത്തുക. ഭാരത് ഗൗരവ് -പുണ്യ തീർത്ഥ യാത്ര എന്ന പേരിലാകും യാത്ര നടത്തുക. അയോദ്ധ്യ, ഹരിദ്വാർ, ഋഷികേശ്, കാശി, ഓംകാരേശ്വർ, പ്രയാഗ്രാജ്, സാരാനാഥ്, ഉജ്ജയിൻ എന്നിവിടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയരിക്കുന്നത്. സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, പോടനൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, ഒറ്റപ്പാലം, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
ജൂലൈ 20-ന് രാവിലെ കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കും. മൂന്നാം ദിനം ഉജ്ജയിനിലെത്തിച്ചേരും. തുടർന്ന് അഞ്ചാം ദിവസം ഹരിദ്വാർ, ഏഴാം ദിനം ബനാറസ്, ഒൻപതാം ദിനം പ്രയാഗ്‌രാജ് സംഗം എന്നിവിടങ്ങളിലാണ് ട്രെയിൻ സഞ്ചരിക്കുക. തുടർന്ന് 12-ാം ദിനമായ 31-ന് കൊച്ചുവേളിയിൽ തിരികെയെത്തും. 12 ദിവസവും ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയും പാക്കേജ് തുകയിൽ ഉൾപ്പെട്ടിരിക്കുന്നു. വെജിറ്റേറി ഒപ്പം ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്‌കോർട്ട്, ടൂർ മാനേജർമാരുടെ സൗകര്യം എന്നിവയും ലഭ്യമാണ്.
സ്റ്റാൻഡേർഡ്, കംഫോർട്ട് എന്നീ രണ്ട് ക്ലാസുകളിലായാണ് യാത്ര. ആകെ 754 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ 544 സീറ്റുകൾ സ്റ്റാൻഡേർഡ് ക്ലാസിലും(സ്ലീപ്പർ) 210 എണ്ണം കംഫോർട്ട് ക്ലാസിലുമാണ് (എസി ത്രീ ടയർ) ലഭ്യമായിട്ടുള്ളത്. സ്റ്റാൻഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 24,340 രൂപയും കുട്ടികൾക്ക് 22,780 രൂപയും കംഫർട്ട് ക്ലാസിൽ 36,340 രൂപയും കുട്ടികൾക്ക് 34,780 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഐആർസിടിസിയുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
















Comments