ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്‌ക്ക് നേരിട്ടുള്ള നിയമനങ്ങൾക്ക് കുറഞ്ഞ യോഗ്യത നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സംസ്ഥാനതല യോഗ്യതാ പരീക്ഷ (എസ്എൽഇടി) എന്നിവയായിരിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കി. പിഎച്ച്ഡി ഓപ്ഷണൽ ആകുമെന്നും യുജിസി അദ്ധ്യക്ഷൻ എം ജഗദീഷ് കുമാർ വ്യക്തമാക്കി. പുറത്തിറക്കിയ വിജ്ഞാപനം 2023 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലായെന്നും അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ആകുന്നതിനായി പിഎച്ച്ഡി ആവശ്യമില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും വ്യക്തമാക്കി. എന്നാൽ അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും തലത്തിൽ ഇത് ആവശ്യമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ നെറ്റ് ആയിരിക്കും കുറഞ്ഞ യോഗ്യത.
2023 ജൂലൈ വരെയുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾക്ക് പിഎച്ച്ഡി നിർബന്ധമല്ലെന്ന് 2021-ൽ യുജിസി പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി അവസാനിയ്‌ക്കാൻ ഇരിക്കെയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2000-2010 കാലഘട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്‌ക്ക് നെറ്റ് മാത്രമായിരുന്നു യോഗ്യത. ഇതിന് ശേഷമാണ് പിഎച്ച്ഡിയും നിർബന്ധമാക്കിയത്.
Comments