ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ കുറച്ചധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹനങ്ങളിൽ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഈ വാഹനങ്ങളെ പരിപാലിക്കേണ്ടത് ഒരു ചുമതലയായി തന്നെ മാറിയേക്കാം.
എന്നാൽ ഈ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. മഴക്കാലത്ത് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ…
1. ചാർജ്ജിംഗ് ഉപകരണങ്ങൾ സംരക്ഷിക്കുക
മൺസൂൺ കാലഘട്ടത്തിൽ ചാർജ്ജിംഗ് ഉപകരണങ്ങൾക്ക് നനവ് സംഭവിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഔട്ട്‌ഡോർ ചാർജ്ജിംഗ് സ്‌റ്റേഷൻ ഉണ്ടെങ്കിൽ ഇവ മതിയായ രീതിയിൽ മൂടിക്കെട്ടി മഴവെള്ളത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. പോർട്ടബിൾ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ നനഞ്ഞ അവസ്ഥയിൽ ഉപയോഗിക്കാതിരിയ്‌ക്കുന്നത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കും.
2.ബാറ്ററിയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക
ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും നിർണായക ഘടകങ്ങളിൽ ഒന്നാണ് ബാറ്ററി. മഴക്കാലത്ത് ഇത് സുരക്ഷിതമാണെന്ന് ഉറപ്പുരുത്തുക. ബാറ്ററി പാക്കും ഇലക്ട്രിക്കൽ കണക്ഷനും ആവശ്യമുള്ളത്ര സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ബാറ്ററിയിലേക്ക് ചോർച്ച ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കണം.
3. വാഹനം വൃത്തിയായി സൂക്ഷിക്കണം
മഴക്കാലത്ത് അടിഞ്ഞ് കൂടാൻ ഇടയുള്ള അഴുക്ക്, ചെളി എന്നിവ നിരന്തരം വൃത്തിയാക്കുക. വാഹനം വൃത്തിയാക്കുന്നതിലൂടെ പുറംഭാഗത്തെയും ഇലക്ട്രിക് വസ്തുക്കളുടെയും നാശങ്ങൾ ഒരു പരിധി വരെ കുറയ്‌ക്കും.
4. ഇന്റീരിയർ സംരക്ഷിക്കുക
മഴവെള്ളം ചിലപ്പോൾ വാഹനത്തിന്റെ ഉള്ളിലേക്കും ഒലിച്ചിറങ്ങിയേക്കാം. ഇത് വാഹനത്തിലെ ഇലക്ട്രിക്കൽ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമായേക്കാം. കൃത്യമായി വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ ചോർച്ചയോ അമിതമായ ഈർപ്പമോ ഉണ്ടോയെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
5. ആഴത്തിലുള്ള വെള്ളക്കെട്ടുകളിലൂടെയുള്ള ഡ്രൈവിംഗ് ഒഴിവാക്കുക
ഇലക്ട്രിക് വാഹനങ്ങളിൽ അധികവും സെൻസിറ്റീവ് ഇലക്ട്രിക്കൽ സംവിധാനങ്ങളാണ് ഉള്ളത്. ഇത് ആഴക്കെട്ടിലൂടെ യാത്ര ചെയ്യുന്നത് അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം. വെള്ളം നിറഞ്ഞ ഇടത്തുകൂടി വാഹനം ഓടിയ്‌ക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
















Comments