റിയോ ഡി ജനീറോ: വംശീയ വിരുദ്ധ നിയമത്തിന് റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പേര് നൽകി റിയോ ഡി ജനീറോ ഭരണകൂടം. കായിക മത്സരങ്ങളിലെ വംശീയതയെ ചെറുക്കാൻ സഹായിക്കുന്ന പുതിയ നിയമത്തിന് റിയോ ഡി ജനീറോ ഭരണകൂടം അംഗീകാരം നൽകി. ദക്ഷിണ അമേരിക്കൻ രാജ്യത്ത് ഇത്തരത്തിലുള്ള നടപടി ആദ്യത്തേതാണ്. ലാലിഗയിൽ മെയ് പത്തിന് വലൻസിക്കെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയർക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായത്. ‘കറുത്തവനേ പോയ് ചാവ്. കരിങ്കുരങ്ങേ അടങ്ങിയിരിക്ക്…’ സ്റ്റേഡിയത്തിൽ വിനീഷ്യസ് ജൂനിയറിന് നേരെയുയർന്ന അധിക്ഷേപം ഇങ്ങനെയായിരുന്നു. ഇതാദ്യമായല്ല വിനീഷ്യസ് സ്പാനിഷ് ലീഗിൽ വംശവെറിയമാരുടെ പരിഹാസത്തിനിരയാവുന്നത്. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, മയ്യോർക്ക, റയൽ വയോഡോളിഡ് തുടങ്ങിയ ടീമുകൾക്കെതിരെയെല്ലാം കളിച്ചപ്പോഴും താരത്തിന് അധിക്ഷേപം നേരിടേണ്ടി വന്നു. ഈ സീസണിൽ മാത്രം പത്തിലധികം തവണ വംശീയാധിക്ഷേപത്തിന് താരം ഇരയായി.
മൊസ്റ്റാല സ്റ്റേഡിയത്തിൽ അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റിൽ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗ്യാലറിയിൽ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികൾ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകർ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തിൽ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചു.അവസാന ശ്വാസം വരെ പോരാടുമെന്നും താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു.
മെസ്റ്റാല്ല സ്റ്റേഡിയത്തിൽ നടന്ന വംശീയ അധിക്ഷേപമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ പ്രേരണയായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമപ്രകാരം മത്സരത്തിനിടെ വംശീയ അധിക്ഷേപം നടന്നാൽ കളി നിർത്തിവെക്കുകയോ, ഒഴിവാക്കുകയോ വേണം. ജൂണിലാണ് റിയോ പ്രാദേശിക സർക്കാർ ഐക്യകണ്ഠേന ‘വിനി ജൂനിയർ നിയമം’ അംഗീകരിച്ചത്. വംശീയ അധിക്ഷേപം നടന്നാൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമത്തിൽ വിവരിക്കുന്നുണ്ട്.
നിയമനിർമ്മാണം തയ്യാറാക്കിയ സ്റ്റേറ്റ് ഡെപ്യൂട്ടി പ്രൊഫ. ജോസ്മാർ പറഞ്ഞു, ‘ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു നയം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും സ്റ്റേഡിയങ്ങളിലെ വംശീയതയെ ചെറുക്കുന്നതിനുള്ള ഒരു പ്രോട്ടോക്കോളുമാണ് ഇതിലൂടെ ശക്തിപ്പെടുന്നത്’.
‘ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, എന്റെ കുടുംബം വളരെ അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -വിനീഷ്യസ് പ്രതികരിച്ചു. താൻ വളരെ ചെറുപ്പമാമെന്നും ഇത്തരത്തിലൊരു ആദരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.
















Comments