തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യപിച്ചു. കാസർകോട്, കണ്ണൂർ , കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. ഈ ജില്ലകളിലെ അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ 7) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴയിൽ വലിയ നാശ നഷ്ടം ആണ് വടക്കൻ കേരളത്തിൽ ഉണ്ടാകുന്നത്. കണ്ണൂരിലെ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായി. അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരാനാണ് സാധ്യത.
വടക്കൻ കേരളത്തിൽ ഇടതോരാതെ മഴ പെയ്യുകയാണ്. കോഴിക്കോട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ജില്ലയിൽ രണ്ടു ദുരിതാശ്വാ ക്യാമ്പുകളിൽ 18 കുടുംബങ്ങളാണ് കഴിയുന്നത്. ഉരുൾ പൊട്ടൽ സാധ്യത മേഖലയിലെ ആളുകളെ ആവിശ്യം എങ്കിൽ മാറ്റി പാർപ്പിക്കും. മലപ്പുറം കൊടക്കാട് ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. 15ലേറെ വീടുകൾക്ക് നാശ നഷ്ടം ഉണ്ടായി. കാസർഗോഡ് മധൂർ ശ്രീ സിദ്ധി വിനായക ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തൃക്കനാട് തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായി. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ബിനോയ് എന്ന ആളുടെ പറമ്പിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. കണ്ണൂരിൽ കക്കാട് പുഴ കവിഞ്ഞൊഴുകി. പുഴയുടെ പരിസരത്തുള്ള വീടുകളിലേക്കും വെള്ളം കയറി. വലിയ നാശനഷ്ടങ്ങളാണ് കണ്ണൂർ ജില്ലയിൽ മഴ ഉണ്ടാക്കുന്നത്. 70തിൽ പരം വീടുകൾ ഭാഗികമായി തകർന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ തുടരുകയാണ്. അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടിയാൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് പുന:സ്ഥാപിക്കാനായില്ല. കനത്ത മഴയിൽ ഗായത്രി പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പാലം മുങ്ങി. ആലത്തൂർ പറക്കുന്നം പതിപാലമാണ് മുങ്ങിയത്. അട്ടപ്പാടി കൽക്കണ്ടിയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. താമരശ്ശേരി കോയമ്പത്തൂർ ബസ്സിന് മുമ്പിലാണ് മരം വീണത്.
















Comments