ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന് പുന്നമടക്കായലിൽ നടത്തും. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കൊറോണ മഹാമാരിയ്‌ക്കും പ്രളയത്തിനും ശേഷമെത്തുന്ന വള്ളംകളിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ആദ്യ ആറ് മത്സരങ്ങൾക്കുള്ള സാമ്പത്തികാനുമതി ഉത്തരവ് പുറത്തുവന്നപ്പോൾ നെഹ്‌റു ട്രോഫി മത്സരം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരു ന്നു. സിബിഎല്ലിലെ ആദ്യ മത്സരമായാണ് നെഹ്റു ട്രോഫി വള്ളംകളിയെ കണക്കാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പത്തികാനുമതി ഉത്തരവിൽ പുന്നമടയിലെ സിബിഎൽ മത്സരം സെപ്റ്റംബർ 30-ന് നടക്കുമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വള്ളംകളി ഓഗസ്റ്റ് 12-ന് തന്നെ നടത്തുമെന്ന് യോഗത്തിൽ തീരുമാനമായി.
സെപ്റ്റംബർ 9-ന് എറണാകുളം മറൈൻ ഡ്രൈവ്, 16-ന് തൃശൂർ കോട്ടപ്പുറം, 23-ന് എറണാകുളം പിറവം, 30-ന് പുന്നമട, ഒക്ടോബർ 7-ന് കോട്ടയം താഴത്തങ്ങാടി, 14-ന് ആലപ്പുഴ പുളിങ്കുന്ന് -എന്നിവിടങ്ങളിലും വള്ളംകളി നടത്തും. കഴിഞ്ഞ വർഷത്തേതിനു സമാനമായി 12 മത്സരങ്ങൾ ഈ വർഷമുണ്ടാകും.
















Comments