ടൈറ്റൻ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിർത്തിവെച്ചിരിക്കുന്നതായി അറിയിച്ച് ഓഷ്യൻ ഗേറ്റ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള എല്ലാ സാഹസിക യാത്രകളും റദ്ദാക്കിയിരിക്കുന്നതായാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ഓഷ്യൻഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത വർഷം ജൂൺ മാസത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ഓഷ്യൻഗേറ്റ് രണ്ട് യാത്രകൾ കൂടി ആസൂത്രണം ചെയ്തിരുന്നു. എന്നാൽ അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെടുന്ന തരത്തിൽ, ടൈറ്റൻ യാത്ര വലിയ ദുരന്തമായി മാറിയതോടെ സാഹസിക വിനോദയാത്രകൾ അവസാനിപ്പിക്കുന്നതായി ഓഷ്യൻഗേറ്റ് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ കമ്പനി അറിയിച്ചിട്ടില്ല.
ടൈറ്റൻ അപകടത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിക്കവെയാണ് പര്യവേഷണങ്ങൾ അവസാനിപ്പിക്കുന്നതായി ഓഷ്യൻഗേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റൻ ദുരന്തത്തിൽ ഓഷ്യൻ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്റെ അവശിഷ്ടങ്ങൾ കരക്കെത്തിച്ചതിന് തൊട്ടു പിന്നാലെയാണ് യാത്രികരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെന്റി എന്നിവരായിരുന്നു ടൈറ്റൻ അപകടത്തിൽ മരിച്ചവർ.
















Comments