പൊതുവേ മഴക്കാലമെന്നാൽ വിശപ്പേറുന്ന കാലമാണെന്നാണ് പറയുന്നത്. വിശപ്പാണെന്ന് കരുതി വാരിവലിച്ച് കഴിച്ചാൽ ദഹനക്കേട് വരാനുള്ള സാദ്ധ്യത അധികമാണ്. അതുകൊണ്ട് തന്നെ ചില ആഹാരങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട സമയമാണ് വർഷക്കാലം. പല രോഗങ്ങളും പിടിപ്പെടുന്ന കാലമായതുകൊണ്ട് തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അതിനാൽ മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.
മഴക്കാലത്ത് പൊതുവിൽ അണുബാധയേറുന്ന സമയമാണ്. ഇലകളിൽ പുഴുക്കളും മറ്റും നിറയുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഇലക്കറികൾ കഴിക്കുന്നതിലൂടെ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. ചീര, കാബേജ്, കോളിഫ്‌ളവർ എന്നിവയൊക്കെ മഴക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ വയറുവേദന, വയറിളക്കം തുടങ്ങിയവയൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ചോറ് അധികം കഴിക്കുന്നതും ഉത്തമമല്ല. കൂടുതൽ ചോർ കഴിക്കുന്നത് നീർക്കെട്ടിന് കാരണമാകുന്നു. വെള്ളച്ചോറാണ് നീർക്കെട്ടുണ്ടാക്കുന്നത്. എന്നാൽ കുത്തരിയുടെ ചോർ ആ പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നതും ശ്രദ്ധയേമാണ്. മത്സ്യം, കടൽ വിഭവങ്ങൾ, ചെമ്മീൻ തുടങ്ങിയവ കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വയറിലെ അണിബാധയ്‌ക്കും ഭക്ഷ്യവിഷബാധയ്‌ക്കും ഇത് കാരണമാകുന്നു.
വറുത്തതും പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണങ്ങളും മഴക്കാലത്ത് നല്ലതല്ല. ചക്ക വറുത്തതും പരിപ്പുവടയും കായ വറുത്തതും പഴംപൊരിയും കാപ്പിയും ചായയും ഒക്കെ കഴിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കുന്നതാകും ഉചിതം. ഇവ മഴക്കാലത്തും ആരോഗ്യത്തിന് ഏറെ ദോഷങ്ങളാണ് ചെയ്യുന്നത്. സോഫ്റ്റ് ഡ്രിംഗ്‌സ് കുടിക്കുന്നതും മഴക്കാലത്ത് ഒഴിവാക്കണം. സാധാരണ തിളപ്പിച്ചാറിയ വെള്ളമാണ് മഴക്കാലത്ത് ശീലിക്കേണ്ടത്. മുറിച്ച് വെച്ച പഴങ്ങളും സാലഡും ഒഴിവാക്കണം. ഇവയിലൊക്കെ രോഗവാഹകരായ ഈച്ചയും മറ്റും വന്നിരിക്കാൻ സാദ്ധ്യതയേറെയാണ്. ദഹിക്കാൻ പ്രയാസമുള്ള ചുവന്ന മാംസവും മഴക്കാലത്ത് ഒഴിവാക്കണം. തൈരിന് അലർജിയുള്ളവരായിരിക്കാം ചിലർ. ഇത്തരക്കാർ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. തൊണ്ടവേദന, പനി എന്നവയിലേക്ക് തൈര് നയിച്ചേക്കാം.
മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒന്നാണ് കൂൺ. കൂൺ കിട്ടിയാൽ ആഘോഷമായി പാകം ചെയ്യുന്നവരാണ് മിക്കവരും. എന്നാൽ മഴക്കാലത്ത് ഇത് അത്ര നല്ലതല്ലെന്ന് എത്ര പേർക്കറിയാം. വളരെ ഈർപ്പമുള്ള മണ്ണിലാണ് കൂൺ വളരുന്നത്. ഇത് ബാക്ടീരിയയുടെ സാന്നിധ്യവും കൂണിൽ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് മഴയത്ത് അധികമായി കൂൺ കഴിച്ചാൽ അത് അണുബാധയിലേക്ക് നയിക്കാം.
















Comments