കൊച്ചി: മാദ്ധ്യമപ്രവർത്തകയ്‌ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ നടപടി. പിഡിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന നിസാർ മേത്തറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചത്. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയെ ആദ്യം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തുടർന്നാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്.
ഓൺലൈൻ വഴി അധിക്ഷേപിക്കുക, സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിസാർ മേത്തറിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തത്. അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തിയതിന് പിന്നാലെ കൊച്ചിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് പങ്കുവയ്‌ക്കാൻ പിഡിപി ഔദ്യോഗികമായി ചുമതലപ്പെടുത്തിയത് നിസാർ മേത്തറിനെ ആയിരുന്നു. തുടർന്ന് മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറിനെ മാദ്ധ്യമപ്രവർത്തക ഫോണിൽ വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.
പിഡിപി നേതാവിന്റെ ശല്യം നിരന്തരമായതോടെ മാദ്ധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നത് തുടരുകയായിരുന്നു നിസാർ. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു അവർ. ഡിജിറ്റൽ തെളിവുകളടക്കം മാദ്ധ്യമപ്രവർത്തക പോലീസിന് കൈമാറിയിരുന്നു. എന്നാൽ തന്റെ ഫോൺ ഹാക്ക് ചെയ്ത് മറ്റാരോ ചെയ്തതാണെന്നായിരുന്നു പിഡിപി നേതാവിന്റെ വാദം. എന്നാൽ ഇത് തള്ളിക്കളയുകയായിരുന്നു പോലീസ്.
Comments