തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്നും വിദേശയിനം പക്ഷിയെ കാണാതായിട്ട് ഒരു ദിവസം പിന്നിടുന്നു. വിദേശയിനം പക്ഷിയായ ലേഡി ആമെസ്റ്റ് ഫെസന്റിനെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പക്ഷി കൂട്ടിൽ ഉണ്ടായിരുന്നതായി മൃഗശാല അധികൃതർ പറയുന്നു. എന്നാൽ ഇന്നലെ രാവിലെ ജീവനക്കാർ പക്ഷിയ്‌ക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴായിരുന്നു കാണാതായ വിവരം അറിയുന്നത്.
ശനിയാഴ്ച രാവിലെയും വൃത്തിയാക്കുന്നതിനായി ജീവനക്കാർ കൂട് തുറന്നിരുന്നു. ഈ സമയമായിരിക്കാം പക്ഷി പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന് പിന്നാലെ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആൺപക്ഷിയും രണ്ട് പെൺപക്ഷിയുമായിരുന്നു മൃഗശാലയിൽ ഉണ്ടായിരുന്നത്. ഇതിൽ ആൺപക്ഷിയെയാണ് കാണാതായിരിക്കുന്നത്.
തെക്ക് കിഴക്കൻ ചൈനയിൽ കാണപ്പെടുന്ന അപൂർവ്വയിനം പക്ഷിയാണ് ലേഡി ആമെസ്റ്റ് ഫെസന്റ്. പ്രായപൂർത്തിയായ ഈ പക്ഷിയുടെ നീളം 100 മുതൽ 120 സെന്റീമീറ്റർ വരെയാണ്. ചുവപ്പ് നിറത്തിലുള്ള ചിഹ്നത്തോട് കൂടിയ വെള്ളയും കറുപ്പും നിറത്തിലുള്ള കേപ്പാണ് ആൺ പക്ഷിയുടെ സവിശേഷത. ഇവയ്‌ക്ക് ചാരനിറത്തിൽ നീളത്തിലുള്ള വാലും കൂടാതെ കടും ചുവപ്പ്, നീല, പച്ച, കടും പച്ച, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള തൂവലുകളുമാണ് ഉള്ളത്. എന്നാൽ പെൺപക്ഷിയുടേത് മങ്ങിയ തവിട്ട് നിറമാണ്. ഇവയ്‌ക്ക് പറക്കുന്നതിനേക്കാൾ അധികവും ഓടാനാണ് പ്രിയം. ഇന്ത്യയിൽ ഇവയ്‌ക്ക് 15,000 മുതൽ 17,000 വരെയാണ് വില.
















Comments