പണമിടപാടുകൾക്ക് എക്കാലവും വളരെ സുതാര്യമായി ഉപയോഗിക്കാനാകുന്ന മാർഗ്ഗമാണ് എടിഎം. ഇതിലൂടെ പണമിടപാടുകൾ വളരെ സുരക്ഷിതമായും കൃത്യതയോടെയും ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എടിഎമ്മിൽ നിന്ന് പണമിടപാടുകൾ വളരെ സുരക്ഷിതമാണെങ്കിലും തട്ടിപ്പുകാർ ഉപയോക്താക്കളെ അവരുടെ ധാരണയില്ലായ്മ മുതലെടുത്ത് പറ്റിക്കുന്നു എന്നതാണ് വാസ്തവം.
പണം തട്ടിയെടുക്കുന്നതിനായി നിരവിധി മാർഗ്ഗങ്ങളാണ് ഇത്തരക്കാർ സ്വീകരിക്കുന്നത്. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന മാർഗം ഷോൾഡർ സർഫിംഗ് ആണ്. ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി കുറ്റവാളികൾ ഉപയോഗിക്കുന്ന രീതിയാണിത്. ഉടമ അറിയാതെ തന്നെ എടിഎം പിൻ നമ്പർ ചോർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു. എന്താണ് ഷോൾഡർ സർഫിംഗ് എന്നോ ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നോ ഇന്നും പലർക്കും ധാരണയില്ല.
ഷോൾഡർ സർഫിംഗ്
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഷോപ്പുകളിൽ കാർഡ് ഉപയോഗിച്ച് സ്‌വൈപ്പ് ചെയ്യേണ്ടതായ സാഹചര്യങ്ങളിലെല്ലാം പിൻ നമ്പർ ഉപയോഗിക്കേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ എടിഎം കാർഡ് ഉപയോഗിക്കുന്ന വ്യക്തിയുടെ പിന്നിൽ ഒളിച്ച് നിന്ന് പിൻ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ചോർത്തിയെടുക്കുന്ന രീതിയാണിത്. പിൻ നമ്പറുകൾ കൈക്കലാക്കുന്നതിനായി എടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിച്ച് മോഷണം നടത്തുന്നതും ഷോൾഡർ സർഫിംഗിന്റ ഭാഗമാണ്. തിരക്കേറിയ സ്ഥലങ്ങളിലാണ് ഷോൾഡർ സർഫിംഗ് സാധാരണയായി നടക്കുന്നത്.
എടിഎം കാർഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടുന്നതിനുള്ള മുൻകരുതലുകൾ…
- എടിഎം ഉപയോഗിക്കുമ്പോൾ ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പാലിക്കണം.
- ഷോൾഡർ സർഫിംഗ് തടയുന്നതിനായി പിൻ നൽകുമ്പോൾ കീപാഡ് മറയ്‌ക്കാവുന്നതാണ്.
- എടിഎം സ്‌ക്രീനിന് ചുറ്റും സംശയാസ്പദമായ എന്തെങ്കിലും ക്യാമറകൾ ഉണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം ഇടപാട് നടത്തുക.
- ഒറ്റപ്പെട്ടതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലങ്ങളിലെ എടിഎമ്മുകൾ ഉപയോഗിക്കാതിരിക്കുക.
- ബാങ്ക് ശാഖകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എടിഎമ്മുകൾ ഉപയോഗിക്കുക, കാരണം അവ കൂടുതൽ സുരക്ഷിതമായിരിക്കും.
- നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ട്രാൻസാക്ഷൻ ഹിസ്റ്ററിയും ഇടയ്‌ക്കിടെ പരിശോധിക്കണം.
- നിങ്ങളുടെ കാർഡ് മെഷിനിൽ അകപ്പെടുകയോ, മറ്റോ ചെയ്താൽ, ഉടൻ തന്നെ ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യുക.
- ഇടപാട് പൂർത്തിയാകുന്നതുവരെ എടിഎമ്മിൽ തന്നെ തുടരുക. ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങിയാൽ പിന്നാലെ കയറുന്ന വ്യക്തിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് ലഭിച്ചേക്കാം.
Comments