ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തോടെ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ ബഹിരാകാശവുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചതായും അത് വരുംകാലങ്ങളിൽ ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. മേഖലയിലുണ്ടായ മാറ്റങ്ങൾ ചന്ദ്രാദൗത്യത്തിലും പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. ചന്ദ്രയാൻ ചന്ദോപരിതലത്തിലിറങ്ങുന്നതോടെ ഇന്ത്യയുടെ കഴിവ് പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ തുടർച്ചയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയതിന് ശേഷം, ആറ് ചക്രങ്ങളുള്ള റോവർ പുറത്തുവരും. ചന്ദ്രനിൽ 14 ദിവസം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോവറിൽ ഘടിപ്പിച്ചിരിക്കുന്ന ഒന്നിലധികം ക്യാമറകളുടെ സഹായത്തോടെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ചിത്രങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനും ബഹിരാകാശ മേഖലയ്‌ക്കാകുമെന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
















Comments