ബോളിവുഡ് താരം പ്രീതി സിന്റ തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പതിവായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ താരം ഇന്ത്യയിലെത്തിയതും ഷിംലയിലെ ഹതേശ്വരി മാതാ ക്ഷേത്രത്തിൽ കുഞ്ഞുങ്ങളുമായി ദർശനം നടത്തിയതിന്റെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു പ്രീതി സിന്റ കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയത്. വിവാഹ ശേഷം ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാണ് താരം. ഇപ്പോഴിതാ തന്റെ ഇരട്ടക്കുട്ടികളുടെ തല മുണ്ഡനം ചെയ്ത ചടങ്ങിന്റെ വിശേഷങ്ങളാണ് നടി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
ഹിന്ദു ആചാരപ്രകാരം കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. കുട്ടികളുടെ തല ആദ്യമായി മൊട്ടയടിക്കുന്നത് ഹിന്ദുവിശ്വാസ പ്രകാരം ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഭൂതകാലത്തിൽ നിന്നും സ്വതന്ത്രമാകുക എന്ന ആശയമാണ് തല മുണ്ഡനം ചെയ്യുന്ന ചടങ്ങിലൂടെ സംവദിക്കപ്പെടുന്നതെന്ന് പ്രീതി സിന്റ പറഞ്ഞു. മുൻജന്മങ്ങളിലെ ഓർമ്മകൾ അകറ്റി മനസിനെ ശുദ്ധീകരിക്കുക എന്ന കാഴ്ചപ്പാടും ചടങ്ങിന് പിന്നിലുണ്ടെന്ന് നടി പറയുന്നു. തന്‌റെ മക്കളായ ജയിയും, ജിയയും ഇപ്പോൾ അവരുടെ തല മുണ്ഡനം ചെയ്യൽ പൂർത്തിയാക്കിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വളരെ പെട്ടെന്നാണ് താരത്തിന്റെ കുറിപ്പ് വൈറലായത്. നടൻ ബോബി ഡിയോൾ ഉൾപ്പടെ കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
വിദേശ പൗരനായ ജീൻ ഗുഡിനഫിനെയാണ് പ്രീതി സിന്റ വിവാഹം കഴിച്ചത്. 2016ലായിരുന്നു വിവാഹം. ലോസ് ആഞ്ചലസിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം ദമ്പതികൾ മാതാപിതാക്കളായി. 2021ൽ സറഗസിയിലൂടെയായിരുന്നു മക്കളുടെ ജനനം.
Comments