അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ഒഎംജി 2- ന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒടിടി റിലീസായി എത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം ഓഗസ്റ്റ് 11- ന് റിലീസ് ചെയ്യും. 2012ൽ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാം പതിപ്പുകൂടിയാണ് ഇത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രമാകുന്നത്.
ആദ്യ പതിപ്പിൽ നിന്ന് വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രം പ്രദർശനത്തിനെത്തുക. പരേഷ് റാവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തിൽ ഭഗവാൻ കൃഷ്ണനായാണ് അക്ഷയ് കുമാർ എത്തിയത്. രണ്ടാം പതിപ്പിൽ പരമശിവനായാണ് അദ്ദേഹമെത്തുന്നത്. ഇതിനോടകം തന്നെ നടന്റെ പരമശിവനായുള്ള ലുക്ക് ശ്രദ്ധ നേടിക്കഴിഞ്ഞു. അമിത് റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആക്ഷേപഹാസ്യത്തിനാണ് പ്രധാന്യം നൽകുന്നത്.
Comments