എറണാകുളം: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. മേൽപ്പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയറുടേതാണ് നടപടി. അഞ്ച് വർഷം സംസ്ഥാന സർക്കാരിന്റെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ ഉത്തരവ് വഴി വിലക്കിയിട്ടുണ്ട്.
കമ്പനിയുടെ പേരിലോ ബിനാമി പേരിലോ അടുത്ത അഞ്ച് വർഷത്തേക്ക് ടെണ്ടറുകളിൽ പങ്കെടുക്കാനാവില്ല. മേൽപ്പാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎംആർസിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കിയത്. ഇ.ശ്രീധരന്റെ മേൽനോട്ടത്തിലായിരുന്നു അറ്റകുറ്റ പണികൾ പിന്നീട് നടന്നത്.
കരാർ ലംഘനവും പദ്ധതിയിൽ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയിലൂടെ നേടിയ 10 കോടി രൂപ, നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്ന് കേസിൽ ഇഡി അന്വേഷണം നടക്കുകയാണ്.
















Comments