ചാലക്കുടി ; താലൂക്ക് ആശുപത്രി റിങ് റോഡിന് കലാഭവൻ മണി റോഡ് എന്നു പേരിട്ടു സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തതു വിവാദമായി. മൂന്നിടത്താണു ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ബോർഡുകൾ നീക്കം ചെയ്തത് മണിയോടുള്ള അനാദരവാണെന്നു കലാകാരന്മാരുടെ കൂട്ടായ്മ ആരോപിക്കുന്നു. ബോര്‍ഡുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബോർഡ് നീക്കം ചെയ്തത് ആരാണെന്ന് അറിയില്ലെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.
റോഡിന് കലാഭവൻ മണിയുടെ പേര് നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നില്ലെന്നും ബോർഡ് സ്ഥാപിച്ചത് നഗരസഭയല്ലെന്നും അദ്ദേഹം അറിയിച്ചു. റോഡ് നിർമാണം പൂർത്തിയായ സമയത്ത് കരാറുകാരാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വാർഡ് കൗൺസിലർ വി.ജെ. ജോജി അറിയിച്ചത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്നും ജോജി പ്രതികരിച്ചു. സ്വതന്ത്ര കൗൺസിലറായ ജോജി നേരത്തെ സിപിഎം അംഗമായിരുന്നു. ചാലക്കുടിയുടെ പൈതൃകമായ പാലസ് റോഡാണിതെന്നും ആ പേരു തന്നെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലസ് റോഡ് ചാലക്കുടിയുടെ പൈതൃകം വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു റോഡാണെന്നും പാലസ് റോഡിന്റെയോ താലൂക്ക് ആശുപത്രി റോഡിന്റെയോ പേര് മാറ്റിയിട്ടില്ലെന്നും പാലസ് റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രതികരിച്ചു. ആരെങ്കിലും ബോർഡ് വച്ചെന്നു കരുതി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ‘പാലസ് റോഡ്’, ‘ട്രാംവേ റോഡ്’ എന്നിവയുടെ പേര് മാറ്റി സ്ഥാപിക്കുന്നത് ചാലക്കുടിയുടെ പഴയകാല പ്രതാപം ഇല്ലാതാക്കുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു
















Comments