ജയ്പൂർ : മണിക്കൂറുകൾ പബ്ജി ഗെയിം കളിച്ച് മാനസിക നില തെറ്റിയ 14 കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി . രാജസ്ഥാനിലെ അൽവാറിലെ മുംഗാസ്‌ക കോളനിയിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് ദിവ്യാംഗ് സൻസ്ഥാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . കഴിഞ്ഞ 7 മാസമായി ഓൺലൈനിൽ ഗെയിമുകളും മൊബൈലിൽ പബ്ജിയും കുട്ടി കളിക്കുന്നുണ്ടായിരുന്നു. ദിവസം 14 മുതൽ 15 മണിക്കൂർ വരെ കുട്ടി മൊബൈലിൽ ഗെയിം കളിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
മാത്രമല്ല, രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷവും കുട്ടി പബ്ജി കളിക്കുമായിരുന്നു. മാതാപിതാക്കൾ ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ ഫോണിലാണ് പബ്ജി കളിച്ചിരുന്നത് . പലതവണ മാതാപിതാക്കൾ ശകാരിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. വീട്ടിൽ സൗജന്യ വൈഫൈ ഉള്ളതിനാൽ നെറ്റ്‌വർക്കിന്റെയും നെറ്റിന്റെയും പ്രശ്‌നമില്ലായിരുന്നു.
എന്നാൽ വൈകാതെ രാത്രിയോ , പകലെന്നോ വ്യത്യാസം ഇല്ലാതെ മുറവിളി കൂട്ടുന്ന തരത്തിലായി കുട്ടിയുടെ അവസ്ഥ . ഉറങ്ങുമ്പോഴും കുട്ടിയുടെ കൈകൾ ചലിച്ചുകൊണ്ടേയിരിക്കും. രാത്രികാലങ്ങളിലും ‘ ഫയർ ‘ എന്ന് നിരന്തരം വിളിച്ചു പറയുകയും ചെയ്തു . ക്രമേണ അക്രമവാസനയും കാട്ടാൻ തുടങ്ങി . ഇതോടെ ഏപ്രിൽ മുതൽ മെയ് വരെയുള്ള 2 മാസം വീട്ടുകാർ കുട്ടിയെ വീട്ടിൽ കെട്ടിയിട്ടു. ഇതിനിടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. തുടർന്നാണ് അൽവാറിലെ ഹോസ്റ്റപിറ്റലിലേയ്‌ക്ക് മാറ്റിയത് .
Comments