തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഇടപെടലാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ തേടിയത്. സംഭവത്തിൽ കേന്ദ്ര ഫിഷറീസ് മന്ത്രി പാർഷോത്തം രൂപാലയുമായി ചർച്ചയും നടത്തി. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വി മുരളീധരൻ കൂടിക്കാഴ്‌ച്ചയിൽ ആവശ്യപ്പെട്ടു.
മുതലപ്പൊഴിയിൽ രണ്ട് ദിവസം മുമ്പ് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ അവസാനത്തെ ആളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശികളായ ബിജു സ്റ്റീഫൻ, ബിജു ഫെർണാണ്ടസ്, കുഞ്ഞുമോൻ, റോബിൻ എഡ്വേർഡ് എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്.
മുതലപ്പൊഴിയിൽ 2011 മുതൽ കഴിഞ്ഞ ആഴ്ചവരെ അപകടത്തിൽ മരിച്ചത് 25 പേരാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. ഇതിൽ രണ്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അഞ്ചുതെങ്ങ് മുതൽ വേളിവരെയുള്ള ഭാഗങ്ങളിൽ 2011 മുതൽ ഇതുവരെ 63 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഹാർബർ നിർമാണത്തിലെ അപാകതയാണു മുതലപ്പൊഴിയിൽ അപകടങ്ങൾ വർധിപ്പിക്കുന്നതെന്നാണു മത്സ്യത്തൊഴിലാളികളുടെ ആരോപണം. കേരളത്തില്‍ മത്സ്യത്തൊഴിലാളികൾ സ്ഥിരമായി അപകടത്തിൽപ്പെട്ടു മരിക്കുന്ന സ്ഥലമെന്ന കുപ്രസിദ്ധിയും മുതലപ്പൊഴിക്കാണ്. മാറിവരുന്ന സർക്കാരുകൾ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടാനൊരുങ്ങുന്നത്.
















Comments