ഇടുക്കി: താനിരയായത് പ്രാകൃത നിയമങ്ങൾക്കെന്നും ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമെന്നും പ്രൊഫ. ടിജെ ജോസഫ്. കൈവെട്ട് കേസ് വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗക്കാരുടെ ഇടയിൽ, ഗോത്ര സ്വഭാവമുള്ള ഒരു പ്രാകൃത നിയമത്തിന്റെ ഇരയായി, എന്നേ പോലെ തന്നെ അവരും ആ വിശ്വാസത്തിന്റെ ഇരയായത് കൊണ്ടാണ്, ഈ കേസിൽ ഇങ്ങനെ ക്രൂരമായി ഉപദ്രവിച്ചതും അതുപോലെയുള്ള നിയമനടപടികൾക്ക് അവരും വിധേയമാകുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.
2015-ൽ കേസിന്റെ ആദ്യ ഘട്ട വിധി വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പ്രതികളെ ശിക്ഷിക്കുന്നതിൽ തനിക്ക് യാതൊരു വിധ ഉത്കണ്ഠയുമില്ല. സാധാരണ പൗരൻ എന്ന നിലയിൽ ഈ കേസിന്റെ പരിസമാപ്തി എങ്ങനെയാണെന്ന് അറിയാനുള്ള, സാധാരണ ഒരു ഇന്ത്യൻ പൗരന്റെ കൗതുകം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്‌ക്ക് കിട്ടുന്ന നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ട് മുതലേ ഇല്ല. അത് രാജ്യത്തിന്റെയൊരു നീതി നടപ്പാക്കുന്നു എന്ന് മാത്രമേ ഞാൻ ഇതിൽ നിന്ന് മനസിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായി യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലായെന്നുള്ളതാണ് വാസ്തവം. അതുമാത്രമല്ല, ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ, അവർ എന്നേ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവർ ഉപദ്രവിച്ചത് എന്നാണ് മനസിലാക്കുന്നത്.-അദ്ദേഹം പറഞ്ഞു.
ശരിക്കും നമ്മളെല്ലാവരും, എല്ലാ മനുഷ്യരും ശാസ്ത്ര അവബോധമൊക്കെ ഉൾക്കൊണ്ട് മാനവികതയിലും സഹോദര്യത്തിലും പുലർന്ന്, ആധുനിക പൗരന്മാരായി മാറേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്. എനിക്കേറ്റ മുറിവുകളും ഒപ്പം എന്നെ ഉപദ്രവിച്ചവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ഒരു പുതിയ തലമുറയുടെ, ആധുനിക യുഗത്തിന്റെ, ആധുനിക മനുഷ്യൻ എന്ന നിലയിൽ തുല്യതയോടെ, സാഹോദര്യത്തോടെ ഇതുപോലുള്ള പ്രാകൃത വിശ്വാസങ്ങളെല്ലാം വെടിഞ്ഞ്, അlതിന്റെ അടിമത്വത്തിൽ നിന്ന്, ആ ചങ്ങലകളിൽ നിന്ന്, മോചിതരായി നല്ല മനുഷ്യരായി മാറാൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുകയാണ്.- ടിജെ ജോസഫ് പ്രതികരിച്ചു.
തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ് .സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്.അവരാണ് ശരിയായ കുറ്റവാളികൾ. യഥാർത്ഥ പ്രതികൾ തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവരാണ്. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം. തന്റെ ജീവിതത്തെ ആരും തകർത്തിട്ടില്ലെങ്കിലും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments