കർക്കിടകം ഇങ്ങെത്തി. നമ്മുടെ മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമാണ് വന്നെത്തിയിരിക്കുന്നത്. കർക്കിടകത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെ കുറിച്ച് ആയുർവേദത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. കർക്കടകത്തിൽ വിശപ്പുണ്ടാകുന്ന, തൃദോഷ( വാതം, പിത്തം, കഫം) ശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം നാം ശീലിക്കേണ്ടതാണ്.
കർക്കിടകത്തിൽ നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടക കഞ്ഞി കുടിക്കുന്നത് ഏറ്റവും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിച്ച്, നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തുകളഞ്ഞ്, വാത പിത്ത കഫങ്ങളെ നിലയ്‌ക്ക് നിർത്തി ശരീരത്തിന് നവജീവൻ നൽകാനുള്ള ചികിത്സകളിൽ പ്രധാനമാണ് കർക്കിടക കഞ്ഞി അഥവാ മരുന്ന് കഞ്ഞി.
വാതം ശമിക്കുന്നതിന് ഔഷധങ്ങൾ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുന്നതും ഉത്തമമാണ്. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. തേച്ചുകുളി മനുഷ്യന്റെ വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്ച ശക്തി, ദേഹപുഷ്ടി, ദീർഘായുസ്സ്, നല്ല ഉറക്കം, ത്വക്കിന് മാർദ്ദവവും ഉറപ്പും എന്നിവ പ്രദാനം ചെയ്യുന്നു.
തേച്ചുകുളിക്ക് ഏറ്റവും മികച്ചത് നല്ലെണ്ണയാണെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. രോഗങ്ങളെ തടയുന്നതിൽ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. കഫം വർദ്ധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്‌ക്ക് വിധേയമായിരിക്കുന്നവരും തേച്ചുകുളി ചെയ്യരുത്. അജീർണമുള്ളവരും എണ്ണ തേയ്‌ക്കരുത്.
അതുപോലെ പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. നല്ല അസ്സൽ തേച്ചുകുളിയ്‌ക്ക് ശേഷം രാവിലെ പത്തു മണിയോടെ തയാറാക്കിയ ഔഷധപൂർണ്ണമായ കർക്കിടക കഞ്ഞി കഴിക്കാം.
അതുപോലെ ശരീരശുദ്ധി വരുത്തി പഞ്ചകർമ്മ ചികിത്സ പ്രധാനമായി കഷായവസ്തി ചെയ്യുന്നത് ഉത്തമമാണ്. കഷായ വസ്തിക്ക് ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ നാം കഴിക്കണം. എപ്പോഴും പുകച്ച വസ്ത്രം ഉപയോഗിക്കണം. കർക്കിടത്തിൽ പകലുറക്കം പാടില്ല. കൂടുതൽ അധ്വാനം, വെയിൽ ഒഴിവാക്കണം.
നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ദശപുഷ്പം കർക്കിടകത്തിൽ മുടിയിൽ ചൂടുന്ന പതിവുണ്ട്. പൂവാംകുരുന്നില, മുയൽച്ചെവിയൻ, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ. പേരിൽ പുഷ്പങ്ങൾ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകൾ തന്നെയാണ്. മഴക്കാലത്ത് ഇവ തലയിൽ ചൂടുന്ന ശീലം ഉണ്ടായത്, ഇവയുടെ ഔഷധ ഗുണഗണങ്ങൾ കൊണ്ടാണ്. മുക്കുറ്റി അരച്ചൊ കയ്യിൽ ഞെരടിയൊ ഉണ്ടാക്കുന്ന ചാന്ത് വെച്ച് പൊട്ട് അല്ലെങ്കിൽ കുറി സ്ത്രീകൾ അണിയുന്നതും കർക്കിടകത്തിൽ വിശേഷമാണ്.
കേരളത്തിൽ ചിലയിടങ്ങളിൽ കർക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച പത്തില ഉപ്പേരി/ തോരൻ കഴിക്കുന്ന ഒരു ആചാരമുണ്ട്. താള്, തകര, ചേമ്പ്, ചേന, ചീര, പയർ, നെയ്യുണ്ണി, പുല്ല്, മത്തൻ, കുമ്പളം, കരിക്കൊടി അല്ലെങ്കിൽ തഴുതാമ എന്നീ പത്തിലകൾ (കഞ്ഞിയിലെന്ന പോലെ പത്തിലയിലും പ്രാദേശികമായ വ്യത്യാസങ്ങൾ കാണും ) കൊണ്ടുണ്ടാക്കുന്ന ഉപ്പേരി/ തോരൻ പേര് പറയാതെ കഴിക്കണമെന്നാണ് ചൊല്ലുള്ളത്. കൂടാതെ ഹൈന്ദവ സ്ത്രീകൾ കയ്യിൽ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ് കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.
















Comments