തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സ്വാഗതം ചെയ്ത് ലത്തീൻ സഭ. കേന്ദ്ര സർക്കാർ ഇടപെടൽ സ്വാഗതം ചെയ്യുന്നതായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പ്രതികരിച്ചു. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് കൂടെയാണെന്ന് പറയുകയും പക്ഷേ വർഷംതോറും മുതലപ്പൊഴിയിൽ വളരെ വിലപ്പെട്ട ജീവനുകൾ നഷ്ടമാകുന്നൊരു സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പിണറായി സർക്കാർ കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്നും ഫാദർ കൂട്ടിച്ചേർത്തു.
പ്രളയത്തിൽ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതികൂലമായ അവസ്ഥകളിലും സാഹചര്യങ്ങളിലും ഉചിതമായി ഇടപെടുന്നതിന് പകരം മുതലപ്പൊഴിയിലെത്തിയ മന്ത്രിമാർ സ്ത്രീകളെയും മത്സ്യത്തൊഴിലാളികളെയും അപമാനിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്തത്. മന്ത്രിമാർ കാണിച്ചത് ഷോയാണെന്നും ഫാദർ യൂജിൻ പെരേര കുറ്റപ്പെടുത്തി.
അതേസമയം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന മുതലപ്പൊഴിയിലേക്ക് കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല വ്യക്തമാക്കി. മുതലപ്പൊഴി ഹാർബറിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ കാരണം അന്വേഷിക്കാർ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ അയക്കാനാണ് തീരുമാനം. വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വേണ്ട നടപടികൾ ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി പരിഗണിച്ചാകും തുടർനടപടികൾ.
മുതലപ്പൊഴിയിലെ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന വിഷയമാണെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല പറഞ്ഞു.
മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പരാജയത്തോടെയാണ് കേന്ദ്ര ഇടപെടൽ ഉണ്ടായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മുതലപ്പൊഴി വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാലയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഇതു സംബന്ധിച്ച ചർച്ച നടത്തുകയായിരുന്നു.
















Comments