റിയാദ്: സൗദിയിൽ നൂറ്റിനാൽപ്പത് മീറ്റർ ആഴമുള്ള കുഴൽക്കിണറിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. മൃതദേഹം പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് സംഭവം നടന്നത്.
ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കുഴൽക്കിണറിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന വിവരം ലഭിച്ച ഉടൻ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കിണറിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും, ഓക്സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.
Comments