നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര അഞ്ചുപേരുടെ മരണത്തിനാണ് ഇടയാക്കിയത്. ദുരന്തപര്യവസാനമായ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ടൈറ്റന്‍ സബ്മറൈന്‍ ദുരന്തത്തിന്‍റെ ആനിമേഷന്‍ കാഴ്ചകളാണ് ഇപ്പോൾ വൈറലാകുന്നത്.
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് AiTelly എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ. ജൂൺ 30 ന് പോസ്റ്റ് ചെയ്ത 6 മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേഷൻ വീഡിയോ, പോസ്റ്റ് ചെയ്ത് 12 ദിവസങ്ങൾക്കുള്ളിൽ 6 ദശലക്ഷം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.
ഭയാനകമായ ടൈറ്റന്‍ ദുരന്തത്തിനിടയാക്കിയ സ്ഫോടനത്തിന്‍റെ കാരണമാണ് വിഡിയോയില്‍ വിശദീകരിക്കുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ വച്ച് സംഭവിച്ച കറ്റാസ്ട്രോഫിക് ഇംപ്ലോഷനാണ് ടൈറ്റന്‍ ദുരന്തത്തിനിടയാക്കിയത് എന്നാണ് നിഗമനം. ഒരു വസ്തു അതിന്റെ അകത്തേയ്‌ക്ക് ഉള്‍വലിഞ്ഞുണ്ടാകുന്ന പൊട്ടിത്തെറിയാണ് ഇംപ്ലോഷന്‍. ഒരു മില്ലിസെക്കൻഡിന്‍റുനുള്ളില്‍ നടന്ന ഈ സംഭവത്തെ വിശദീകരിക്കുകയാണ് വീഡിയോയിൽ കാണിക്കുന്നത്. ചുറ്റുമുള്ള ജലത്തിന്റെ ഉയർന്ന ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് ഇതിനു കാരണമായതെന്നും ആനിമേഷൻ വിശദീകരിക്കുന്നു.
ജൂൺ 18 നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി അഞ്ചുപേരടങ്ങുന്ന സംഘം ടൈറ്റാനിൽ യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ മദർ ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിന് ശേഷമാണ് ടൈറ്റന്‍ സബ്മറൈന്‍റെ അവശിഷ്ടങ്ങളും സഞ്ചരിച്ചവരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെന്റി എന്നിവരായിരുന്നു ടൈറ്റൻ അപകടത്തിൽ മരിച്ചവർ.
















Comments