ദമാസ്‌കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണവും പിന്തുണയും നൽകുമെന്ന് മുരളീധരൻ പറഞ്ഞു. 300 സിറിയൻ വിദ്യാർത്ഥികളെ കൂടി കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് സ്‌കീമിൽ ഉൾപ്പെടുത്താൻ ഇരുവരുടെയും കൂടിക്കാഴ്ചയിൽ തീരുമാനമായി.
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ദമാസ്‌കസിൽ വെച്ച് സിറിയൻ പ്രധാനമന്ത്രി ഹുസൈൻ അർണോസുമായും കേന്ദ്രമന്ത്രി ചർച്ചകൾ നടത്തി. ആരോഗ്യമന്ത്രി ഡോ. ഹസ്സൻ അൽ ഗബ്ബാഷിനെയും വി.മുരളീധരൻ സന്ദർശിച്ചു. ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സഹകരണത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ കണ്ട കേന്ദ്രമന്ത്രി എംബസിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. ദമാസ്‌കസിൽ വെച്ച് പാത്രിയർക്കീസ് ബാവയുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മലങ്കര സഭയിൽ ശാശ്വത സമാധാനത്തിന് സഹകരിക്കണം എന്ന് മന്ത്രി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് സ്‌കീമിന്റെ സഹായത്തോടെ ഇന്ത്യയിൽ പഠനത്തിന് അവസരം ലഭിച്ച സിറിയൻ വിദ്യാർത്ഥികളുമായും മന്ത്രി സംവദിച്ചു. കേന്ദ്ര മന്ത്രിയുടെ സിറിയാ സന്ദർശനം ഇന്ന് പൂർത്തിയാകും.
















Comments