ഇടുക്കി: എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷീനുകൾ നേരത്തെ തന്നെ ഇയാൾ കണ്ടെത്തും. ശേഷം മെഷീനുകളില്‍ പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളിലേക്ക് പോകും.
എടിഎം കൗണ്ടറിൽ എത്തുന്ന ഇടപാടുകാരിൽ നിന്നും തന്ത്രത്തിൽ എടിഎം കാര്‍ഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ മെഷീനിൽ ഇടും. തുടർന്ന് പിൻ നമ്പർ അടിയ്‌ക്കാൻ പറയും.
എന്നാല്‍ പിന്‍ നമ്പര്‍ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനില്‍ കാണുന്നതോടെ ഇടപാടുകാരന്‍ കാര്‍ഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിന്‍വലിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നത്.
പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായര്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഈ മാസം രണ്ടിനാണ് കട്ടപ്പന ഇടശേരി ജംഗ്ഷനിലുള്ള എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ തമ്പിരാജ് കബളിപ്പിച്ചത്. തുടർന്ന് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും ഇയാൾ പരാതി നല്‍കിയിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി എ കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും സമാനമായ കുറ്റക്യത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സമാനരീതിയില്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏടിഎം മോഷണം നടത്തുകയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഒരു മാസം മുമ്പ് പുറത്തു വരികയും ചെയ്ത തമ്പിരാജിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. അപൂര്‍വമായി മാത്രം ബോഡിയിലെ വീട്ടില്‍ എത്തുന്ന ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്‍പിയുടെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments