മലയാളികൾക്ക് ഏറെ പ്രിയമുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ നാല് പെൺമക്കളും കൃഷ്ണകുമാറിന് സമ്മാനിച്ചിട്ടുള്ളത് അഭിമാനിക്കാവുന്ന നേട്ടങ്ങൾ മാത്രമാണ്. താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ്് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സമൂഹ്യപ്രവർത്തനത്തിനായി പുതിയതായി ആരംഭിച്ച ‘ആഹാദിഷിക’ എന്ന ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് താരകുടുംബം പങ്കുവെച്ചിരിക്കുന്നത്. ഫൗണ്ടേഷന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ച വിവരം താരകുടുംബം ഔദ്യോഗികമായി അറിയിച്ചു. കൃഷ്ണകുമാറാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. കേന്ദ്രമന്ത്രി വി മുരളീധരനും ഭാര്യ ഡോ ജയശ്രീയും ചേർന്നാണ് ഫൗണ്ടേഷന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
ഉദ്ഘാടനത്തിന് പിന്നാലെ കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചു. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം…
‘നമസ്‌കാരം സഹോദരങ്ങളെ…
ശ്രീപത്മനാഭന്റെയും, മാതാപിതാക്കളുടെയും, ഗുരുജനങ്ങളുടെയും പിന്നെ നിങ്ങളോരോരുത്തരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും അകമഴിഞ്ഞ നന്ദിപറഞ്ഞുകൊണ്ടു തുടങ്ങട്ടെ. ആഹാദിഷിക ഫൗണ്ടേഷൻ അതിന്റെ പുതിയ ഓഫീസ് ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. ഇന്നുരാവിലെ മുരളിയേട്ടനും ഭാര്യ ഡോ. ജയശ്രീയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷനെപ്പറ്റി രണ്ടുവാക്ക്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യം. ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നിൽക്കുന്ന മേഖലയിൽ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം കൊണ്ട് ഒൻപതോളം ടോയ്‌ലെറ്റുകൾ നിർമ്മിച്ച് നൽകിക്കഴിഞ്ഞു. വിദ്യാർഥിനികൾക്ക് പഠന സഹായികൾ, മൊബൈൽ ഫോണുകൾ, അംഗ വൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതൽ ടോയ്ലെറ്റുകളും, പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് ആഹാദിഷിക ഇപ്പോൾ.
അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത് ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിനുതകുന്നതായി മാറുന്നത് കാണുമ്പോൾ ഒരച്ഛനെന്ന നിലയിലും, കുടുംബനാഥനെന്ന നിലയിലും, പിന്നെ ഒരു പൊതുപ്രവർത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല.
കൂടുതൽ സന്തോഷങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോൾ കൂടുതൽ എളിമയോടെ നന്ദി പറയാനും കൂടുതൽ പ്രവർത്തിക്കാനും ഉപദേശം നൽകിയ എന്റെ മാതാപിതാക്കളുടെ ആശിർവാദങ്ങൾ എന്റെ കുട്ടികൾക്കും, നാടിന്റെ കുട്ടികൾക്കും, പിന്നെ ആഹാദിഷിക ഫൗണ്ടേഷനും തലമുറകളോളം താങ്ങും തണലുമായി മാറാനുള്ള അടിത്തറ പാകട്ടെ.
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. മഴമാറി, നന്മയുടെ പൊൻ വെളിച്ചം മാത്രം തന്ന ഇന്നത്തെ പ്രകൃതിയോടും, പിന്നെ എല്ലാം നിയന്ത്രിക്കുന്ന ആ മഹാശക്തിക്കും.’
Comments