കോഴിക്കോട്: മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ 27 കോടിയുടെ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. കോഴിക്കോട് സ്വദേശി അഷ്‌റഫ് അലി, അഷ്‌റഫ് അലിയുടെ ഭാര്യ, സുഹൃത്ത് ഷബീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 20-ഓളം വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നികുതി വെട്ടിപ്പ് തെളിയിക്കുന്ന രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അഷ്റഫ് അലിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് മിഠായിതെരുവിലെ ലേഡീസ് വേൾഡ് എന്ന വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസം പരിശോധനയ്‌ക്ക് എത്തിയ ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥരെ ജീവനക്കാർ പൂട്ടിയിട്ടത് വാർത്തയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയതായി വ്യാജ രേഖ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ ജി എസ് ടി രജിസ്ട്രഷൻ റദ്ദ് ചെയ്യാൻ നടപടിയെടുക്കുമെന്നും നികുതിയിനത്തിൽ 27 കോടി അടക്കാനുള്ള നോട്ടീസ് ഉടമസ്ഥർക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments