എഴുത്തിന്റെ കടലായ എം.ടി. വാസുദേവന് ഇന്ന് 90-ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ കോർത്തിണക്കി മലയാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് എംടി കഥകളും നോവലുകളും രചിച്ചിരുന്നത്. വായിക്കുന്നവരെ അതു തങ്ങളുടെ ജീവിതമാണെന്നു തോന്നിപ്പിക്കുന്ന എഴുത്ത്. വായനക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച സാഹിത്യകാരൻ ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മാസ്മരിക ശക്തി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിയ്‌ക്ക് ആയുരാരോഗ്യ സൗഖ്യം നേരുകയാണ്.
സാഹിത്യരചനയോടൊപ്പം കേരളത്തിന്റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എംടിയ്‌ക്ക് കഴിഞ്ഞു. അതിന്റെ ഭാഗമായാണ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. എംടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യഭൂപടത്തിലും ശ്രദ്ധാകേന്ദ്രമായി മാറി.
കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പും സൃഷ്ടിയും എംടി നടത്തുന്നത് തികച്ചും അവിശ്വസനീയമായ രീതിയിലായിരുന്നു. മലയാളിയുടെ കുടുംബ – വൈവാഹിക ജീവിതങ്ങളെ വരച്ചിട്ട മൂന്നു പ്രധാന നോവലുകൾ ഉണ്ടായിട്ടുള്ളത് എംടിയിൽ നിന്നാണ്. ജാതി ഭ്രാന്തിന്റെ കാലത്തെ വെല്ലുവിളിച്ച അസുരവിത്ത്, ക്ഷയിച്ചു തുടങ്ങിയ തറവാട്ട് വീടിന്റെ കഥകൾ പറഞ്ഞ നാലുകെട്ട് , സേതുവിന്റെ യൗവനത്തിലൂടെ സഞ്ചരിച്ച കാലം…ഇങ്ങനെ നീളുന്നു മലയാളികൾ നെഞ്ചോടടുക്കിയ എംടി പ്രമേയങ്ങൾ. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട രണ്ടാമൂഴം നിരവധി ആസ്വാദകർക്ക് ജീവിതത്തിലൊരു പുതു പ്രതീക്ഷയാണ് നൽകിയത്.
എം ടി മലയാള ചലച്ചിത്രലോകത്തെത്തുന്നത് മുറപ്പെണ്ണ് എന്ന സിനിമക്ക് തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. സംവിധാനം ചെയ്തത് ഏഴു സിനിമകൾ. രചിച്ചത് അമ്പത്തിനാലോളം തിരക്കഥകളാണ്. കലാമൂല്യവും ജനപ്രീതിയും ആവോളമുണ്ടായിരുന്നവയായിരുന്നു അവയിൽ മുഖ്യ പങ്കും. പച്ചയായ ജീവിത യാഥാർഥ്യങ്ങളായിരുന്നു മിക്ക തിരക്കഥകളുടെയും മുഖ മുദ്ര. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി എഴുതി സംവിധാനം ചെയ്ത നിർമാല്യം എന്ന പരീക്ഷണസിനിമ ആചാരാ – അനാചാരങ്ങൾ വേർതിരിഞ്ഞു വരുന്ന കാലത്ത് എടുത്ത അപൂർവ ചിത്രങ്ങളായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, നിർമ്മാല്യം, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയവ എംടിയുടെ വിസ്മയങ്ങളായിരുന്നു.
















Comments