ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി മെഡൽ. തായ്‌ലാന്റിന്റെ ലിൻ യു താങാണ് സ്വർണ്ണം സ്വന്തമാക്കിയത്. 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഇന്ത്യൻ അത്‌ലറ്റിക്‌സിൽ തന്റെ പേര് എഴുതിച്ചേർത്തത്. 8.27 മീറ്റർ ദൂരമാണ് ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്. ഇതോടെ 2024 പാരീസ് ഒളിമ്പിക്‌സിലേക്ക് ശ്രീശങ്കർ യോഗ്യത നേടി.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 12-ാം മെഡലാണ് ഇന്ന് ശ്രീശങ്കർ നേടിയത്. ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി താരവുമായി ശ്രീശങ്കർ. ട്രിപിൾ ജംപിൽ നേരത്തെ മലയാളി താരം അബ്ദുളള അബൂബക്കർ സ്വർണം നേടിയിരുന്നു. നേരത്തെ 8.41 മീറ്റർ ദൂരം താണ്ടിയ ശ്രീശങ്കർ, ഈ സീസണിലെ തന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.
മത്സരത്തിൽ ശ്രീശങ്കറിന്റെ 5 ചാട്ടങ്ങളും ഏട്ട് മീറ്റർ കടന്നു. ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ 8.41 മീറ്റർ ചാടിയ ശ്രീശങ്കർ ഓഗസ്റ്റിൽ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും യോഗ്യത നേടിയിരുന്നു.
















Comments