തിരുവനന്തപുരം: മുതലപ്പൊഴിയെ കണ്ണീർപ്പൊഴി ആക്കിയ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സർക്കാരിനെതിരെ തിരുവനന്തപുരം അതിരൂപതയ്‌ക്കു കീഴിലുള്ള ലത്തീൻ സഭ പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ സർക്കാർ നടപടി എടുക്കാത്തതാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കാൻ കാരണം.
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിൽ വ്യക്തമായ പഠനം നടത്തുക,വികാരി ജനറൽ യൂജിൻ പെരെരയ്‌ക്കെതിരെയും മത്സ്യത്തൊഴിലാളികൾക്കെതിരെയും പോലീസ് ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുതലപ്പൊഴിയിലെ അപകടങ്ങളെ കുറിച്ച് വിദഗ്‌ദ്ധ പഠനത്തിന് കേന്ദ്രസംഘം നാളെ മുതലപ്പൊഴിയിൽ എത്തും. ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
അതേസമയം മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ മരിച്ച മത്സ്യതൊഴിലാളികളുടെ വീടുകളിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് സന്ദർശനം നടത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് സന്ദർശനം. ബോട്ട് അപകടം നടന്ന ദിവസം സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു , ശിവൻകുട്ടി എന്നിവർ മത്സ്യത്തൊഴിലാളികളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത് വലിയ വിവാദത്തിന് കാരണമായിരുന്നു.
















Comments