കർക്കിടക വാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിന്റെ ഭാഗമായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പിതൃപ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കിടക വാവ് ദിനം നാളെയാണ്. ഈ ദിവസം ബലിയിടുന്നതോടെ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ്് വിശ്വാസം. കർക്കിടക വാവ് ദിനം പിതൃക്കൾക്ക് ഭൂമിയിലുള്ള ഒരു ദിനമായാണ് കണക്കാക്കുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കിടത്തിലെ അമാവാസി. ഇക്കാരണത്താലാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കണക്കാക്കുന്നത്.
പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നവർ പലവിധത്തിലുള്ള ചിട്ടവട്ടങ്ങൾ അനുഷ്ഠിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ബലിയിടുന്നതിന്റെ തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞ് മൺമറഞ്ഞ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചാണ് ബലിതർപ്പണം നടത്തുന്നത്. എള്ള്, പുഷ്പങ്ങൾ, ചോറ്, ഉണക്കലരി എന്നിങ്ങനെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുന്നത്. ബലിതർപ്പണത്തിന് ശേഷം കാക്കയെ ഊട്ടുന്ന രീതിയും നിലവിലുണ്ട്. കാക്ക കഴിക്കുന്നതോടെ ആത്മാവിന് ശാന്തി ലഭിച്ചു എന്നാണ് വിശ്വാസം.
മനസ്സും ശരീരവും ശുദ്ധിയാക്കിയതിന് ശേഷം മാത്രമാകണം ബലിതർപ്പണം നടത്തേണ്ടത്. ഇതിനായി തലേദിവസം മുതൽ ഒരുക്കങ്ങൾ നടത്തുകയും ശ്രദ്ധിക്കുകയും വേണം. തലേദിവസം അരിഭക്ഷണം ഒഴിവാക്കി ഒരിക്കൽ വൃതം അനുഷ്ഠിക്കേണ്ടതുണ്ട്. അതായത് ഒരിക്കൽ എടുക്കുന്ന ദിവസം ഒരു നേരം മാത്രമാണ് അരി ആഹാരം കഴിക്കാൻ സാധിക്കുക. അന്നേ ദിവസം സസ്യാഹാരവും ഒരു നേരം അരിആഹാരം എന്നിങ്ങനെയാകും ഭക്ഷണക്രമം. കൂടാതെ തർപ്പണം തുടങ്ങി തർപ്പണം കഴിയുന്ന സമയം വരെയും വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ബലിതർപ്പണം കഴിയുന്നത് വരെ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. ഇതിന് പുറമേ സ്ത്രീകൾ ബലിതർപ്പണം നടത്തുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആർത്തവമുള്ള സ്ത്രീകൾ ബലിതർപ്പണം നടത്തരുതെന്ന വിശ്വസവും നിലനിൽക്കുന്നുണ്ട്. സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം സജ്ജമാക്കാറുണ്ട്.
















Comments