തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മുഖ്യമന്ത്രിയും ജനപക്ഷ നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 53 വർഷം ഇതേ മണ്ഡലമായ പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഇത് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വിശ്വാസവുമാണ് കാണിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.
രണ്ട് തവണ മുഖ്യമന്ത്രിയായും മുമ്പ് മന്ത്രിയായും അദ്ദേഹം ഭരണം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹം ജനങ്ങളോട് വളരെ എളിമയുള്ള വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിലും അദ്ദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നു. നേതൃത്വം സഹാനുഭൂതിയും അനുകമ്പയും കൊണ്ട് അദ്ദേഹത്തെ അടയാളപ്പെടുത്തി. ഭാരതത്തെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും അഭിമാനിച്ചിരുന്ന അദ്ദേഹം കേരളം സൃഷ്ടിച്ച ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
പൊതുകാര്യങ്ങളിൽ ചെറുപ്പകാലം മുതൽ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. അദ്ദേഹം എപ്പോഴും ഐക്യത്തിനും സമാധാനത്തിനും ജനാധിപത്യപരമായും സൗഹാർദ്ദപരമായും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് നിലകൊണ്ടത്. പൊതുജീവിതത്തിലും ഭരണരംഗത്തും ഉമ്മൻ ചാണ്ടി മായാത്ത മുഖമുദ്ര പതിപ്പിച്ചു. അദ്ദേഹം ഒരു മാതൃകയായിരുന്നു. പൊതുജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് അദ്ദേഹത്തിന്റെ ജീവിതം വലിയ പ്രചോദനമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഗവർണർ പറഞ്ഞു.
ദൈവമക്കളെ സേവിക്കുന്നതിനായി അർപ്പിതനായ ഒരു ജീവിതവും അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ വിയോഗ വേളയിൽ യേശുക്രിസ്തുവിന്റെ അനശ്വരമായ വാക്കുകളാണ് ഓർമ്മിക്കുന്നത്. ഇന്ന് നീ എന്നോടൊപ്പം പറുദീസയിലായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. വേർപിരിഞ്ഞ കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിച്ച ആളുകൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം നേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും ഗവർണർ കൂട്ടിച്ചേർത്തു
















Comments