ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷയായി ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും. ഇരുവർക്കും നേരിട്ടുള്ള മത്സാരാനുമതിയാണ് നൽകിയത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അഡ്-ഹോക്ക് പാനൽ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം. ദേശീയ ചീഫ് കോച്ചുകളുടെ സമ്മതമില്ലാതെയാണ് കമ്മിറ്റി ഇന്ത്യൻ താരങ്ങൾക്ക് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കാളിത്തം ഉറപ്പാക്കിയത്.
ഐഒഎ അഡ്-ഹോക്ക് പാനൽ പുറത്തിറക്കിയ സർക്കുലറിൽ, പുരുഷന്മാരുടെ ഫ്രീസ്‌റ്റൈൽ 65 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം വിഭാഗങ്ങളിലേക്ക് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കിലും മൂന്ന് ഗുസ്തി ശൈലികളിൽ ഓരോന്നിലും ആറ് ഭാര വിഭാഗങ്ങളിൽ ട്രയൽ നടത്തുമെന്ന് അറിയിച്ചു. ഒളിംപിക് താരം ബജ്‌റംഗ് പുനിയയെയും വേൾഡ് ചാംപ്യൻഷിപ്പ് മെഡലിസ്റ്റായ വിനേഷ് ഫോഗട്ടിന്റെയും പേര് സർക്കുലറിൽ പരാമർശിക്കുന്നില്ലെങ്കിലും രണ്ട് ഗുസ്തി താരങ്ങളെ ട്രയലിൽ നിന്ന് ഒഴിവാക്കിയതായി പാനൽ അംഗമായ അശോക് ഗാർഗ് വ്യക്തമാക്കി.
സെപ്റ്റംബർ 23-ന് ചൈനയിലെ ഹാങ്ഷൗവിലാണ് മത്സരങ്ങൾ അരങ്ങേറുക. ഏഷ്യൻ ഗെയിംസിനുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസിന് നാല് ദിവസം മുൻപാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്-ഹോക്ക് കമ്മിറ്റിയുടെ സുപ്രധാന തീരുമാനം.
ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ട് ഇരു താരങ്ങൾക്കും വിദേശ പരിശീലനത്തിന് യുവജനകാര്യ കായിക മന്ത്രാലയം അനുമതി നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ചെലവിൽ കിർഗിസ്താനിലും ഹംഗറിയിലുമാണ് പരിശീലനം. ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌റംഗ് പുനിയയ്‌ക്ക് ഒൻപത് ലക്ഷത്തോളം രൂപയും വിനേഷ് ഫോഗട്ടിന് എട്ട് ലക്ഷം രൂപയുമാണ് മന്ത്രാലയം അനുവദിച്ചത്.
















Comments