തിരുവനന്തപുരം: പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലുമായി ഒഴുകി എത്തിയത്. രാഷ്‌ട്രീയ വ്യക്തിത്വങ്ങളും മറ്റ് പ്രമുഖരും ഉമ്മൻചാണ്ടിയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തി. കെപിസിസി ആസ്ഥാനത്തും സ്റ്റാച്യു ഓർത്തഡോക്സ് പള്ളിയിലും ദർബാർ ഹാളിലും തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലുമാണ് പൊതുദർശനം നടന്നത്. കെപിസിസി ആസ്ഥാനത്തെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം ഇന്നലെ അർധരാത്രിയോടുകൂടി പുതുപ്പള്ളി ഹൗസിലേക്ക് മാറ്റിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും.
എംസി റോഡ് വഴിയാണ് വിലാപയാത്ര കടന്ന് പോകുക. ഇത് പരിഗണിച്ച് ഇന്ന് എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും.
വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് കോട്ടയത്ത് എത്തുന്നത്. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെയ്‌ക്കും. തുടർന്ന് രാത്രി ഏഴരയോടുകൂടി ഭൗതീക ശരീരം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.
നാളെ ഉച്ചയ്‌ക്ക് 12ന് പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ ആരംഭിക്കും. ഒന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം, 3.30ന് അന്ത്യശുശ്രൂഷ ആരംഭിക്കും.
കോട്ടയത്ത് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
















Comments