ന്യൂഡൽഹി : വിപണിവിലയിൽ ഇടപെടലുമായി കേന്ദ്രസർക്കാർ . സാധാരണക്കാർക്ക് ആശ്വാസം പകർന്ന് തക്കാളിയുടെ വില കിലോഗ്രാമിന് 70 രൂപയായി കുറച്ചു . തക്കാളി കിലോയ്‌ക്ക് 80 രൂപയ്‌ക്ക് പകരം 70 രൂപയ്‌ക്ക് വിൽക്കാൻ വിപണന ഏജൻസികളായ നാഫെഡിനും എൻസിസിഎഫിനും നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ഡൽഹി, ലക്നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിലെ സഹകരണ സ്ഥാപനങ്ങളായ നാഫെഡും എൻസിസിഎഫുമാണ് തക്കാളി സബ്സിഡി നിരക്കിൽ നൽകുന്നത് .വ്യാഴാഴ്ച മുതൽ ഉപഭോക്താക്കൾക്ക് പുതുക്കിയ നിരക്കിൽ തക്കാളി വാങ്ങാൻ കഴിയുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.ഒരാൾക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ കഴിയു . തക്കാളി സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും.
നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവ ചേർന്ന് സംഭരിച്ച തക്കാളി ആദ്യം കിലോയ്‌ക്ക് 90 രൂപ നിരക്കിലും ജൂലൈ 16 മുതൽ കിലോയ്‌ക്ക് 80 രൂപയ്‌ക്കുമാണ് വിറ്റത്. ജൂലൈ 14 മുതലാണ് ഡൽഹി-എൻസിആറിൽ തക്കാളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചത്. ജൂലൈ 18 വരെ മൊത്തം 391 മെട്രിക് ടൺ തക്കാളി രണ്ട് ഏജൻസികളും ചേർന്ന് സംഭരിച്ചു.
രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനത്തെയും, ലഭ്യതയെയും മോശമായി ബാധിച്ചത് വില ഉയരാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ.
















Comments