ന്യൂഡൽഹി: വന്ദേഭാരത് മാതൃകയിൽ സാധാരണ ജനങ്ങൾക്കുവേണ്ടി ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന വന്ദേ സാധാരൺ ട്രെയിനിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ഒക്ടോബറിൽ വന്ദേ സാധാരൺ സർവ്വീസ് ആരംഭിക്കും. രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നാകും പ്രാഥമിക ഘട്ടത്തിൽ സർവ്വീസ് ആരംഭിക്കുക. കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തിൽ സർവ്വീസ് ഉണ്ടാകും. എറണാകുളത്ത് നിന്നും ഗുവാഹത്തിയിലേക്ക്
പ്രതിവാര സർവീസായാണ് കേരളത്തിൽ നിന്നുള്ള ആദ്യ വന്ദേ സാധാരൺ.
ദീർഘദൂര യാത്രയ്‌ക്കുവേണ്ടിയാണ് ഈ ട്രെയിൻ ഉപയോഗിക്കുന്നത്. സാധാരണ ട്രെയിനുകളിലെ തിരക്കുകൾ പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വന്ദേ സാധാരൺ നിർമ്മിക്കാനൊരുങ്ങിയത്. പൂർണമായും നോൺ എസിയാകും ട്രെയിനുകൾ, എന്നാൽ വന്ദേ ഭാരത് ട്രെയിനിന് സമാനമാകും വേഗത.
അതിവേഗ ട്രെയിനായ വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ലായിരുന്നു. അതിനാലാണ് സാധാരൺ ട്രെയിൻ കൂടെ കേന്ദ്രം പുറത്തിറക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് വന്ദേ സാധാരൺ ഓടിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വേഗം കൈവരിക്കുന്നതിനായി പുഷ് പുൾ രീതിയിൽ മുൻപിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയും വന്ദേ സാധാരണിലും ഉണ്ടാകും.
എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ,12 സെക്കൻഡ് ക്ലാസ് ത്രീ ടയർ കോച്ചുകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ച് എന്നിവ ഉൾപ്പെടെ 24 കോച്ചുകളുണ്ടാകും. 65 കോടി രൂപയാണ് ട്രെയിനിന്റെ നിർമ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
Comments