കോട്ടയം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ പോലീസിൽ പരാതി നൽകി ബിജെപി. ഷംസീർ ഭരണഘടനാ ലംഘനം നടത്താനും മതസ്പർദ്ധയുണ്ടാക്കാനും ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഷംസീറിനെതിരെ ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി കോട്ടയം എസ് പിക്കാണ് പരാതി നൽകിയത്.
സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു സ്പീക്കറുടെ പ്രസംഗം. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീർ പറഞ്ഞു.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.
Comments