തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം പതിവായതോടെ അഞ്ചുതെങ്ങ് മേഖലയിൽ നിന്നും മത്സ്യബന്ധനത്തിന് പോകില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വരും ദിവസങ്ങളിൽ മുതലപ്പൊഴി മുനമ്പ് വഴി മത്സ്യബന്ധനത്തിന് പോകരുത് എന്ന് ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും.
അതേസമയം മുതലപ്പൊഴിയിലെ അപകടങ്ങളിലെ പ്രധാന കാരണമായ മണൽനീക്കുന്ന നടപടികളിലേക്ക് ഫിഷറീസ് വകുപ്പ് ഇതുവരെ കടന്നിട്ടില്ല.അദാനി ഗ്രൂപ്പുമായിട്ടുള്ള ചർച്ച നീളുന്നതാണ് നടപടികൾ വൈകാൻ കാരണമാകുന്നതെന്നാണ് സർക്കാർ പറയുന്നത്. സർക്കാരാണ് ചർച്ചയ്‌ക്ക് വിളിച്ച തീയതി മാറ്റിവെച്ചെന്നും പിന്നീട് ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ലെന്നുമാണ് അദാനി ഗ്രൂപ്പിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുന്നത്. രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വിദഗ്ധ സമിതിയുടെ വിലയിരുത്തലുകൾ ഇതുവരെ അധികൃതരെ അറിയിച്ചിട്ടില്ല
















Comments