തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണ്. വനം ഭൂമിയിൽ നിന്ന് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നും മുട്ടിൽ മരംമുറി നിയമ വിരുദ്ധം തന്നെയെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ അന്വേഷണം ഫലപ്രദമായി നടക്കുകയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
‘മുട്ടിൽ മരംമുറി നിയമ വിരുദ്ധം തന്നെയാണ്. ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരം മുറിച്ചത്. നിരവധി കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതിനാൽ അത്തരം കർഷകരെ കേസിൽപ്പെടുത്താൻ ഉദ്ദേശിയ്ക്കുന്നില്ല മരത്തിന്റെ ഡി.എൻ.എ പരിശോധന നടത്തിയത് രാജ്യത്താദ്യമായാണ്. കേസിലെ പ്രതി എത്ര പ്രഗത്ഭനായാലും രക്ഷപ്പെടാൻ അനുവദിയ്ക്കില്ല’- എന്ന് മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെ മുട്ടിൽ മരം മുറിക്കേസിൽ ശക്തമായ നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് വനംവകുപ്പ്. മുട്ടിൽ മരം കേസിലെ പുതിയ വെളിപ്പെടുത്തലിനെ ഏറെ ഗൗരവത്തോടെ ആണ് കാണുന്നതെന്നും മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് എന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി.
അതേസമയം മുട്ടിൽ മരംമുറിക്കേസിൽ വാഴവറ്റ കോളനിയിലെ വനവാസി കർഷകരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ‘തങ്ങൾ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടില്ലെന്നും മരം മുറിക്കാൻ വില്ലേജ് ഓഫീസറുടെ അനുമതി ഉണ്ടെന്ന് പറഞ്ഞായിരുന്നു റോജി അഗസ്റ്റിൻ സമീപിച്ചത്’ എന്നായിരുന്നു വെളിപ്പെടുത്തൽ.
















Comments