ഇംഫാൽ: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ പേരിൽ തനിക്ക് രാജി വെയ്‌ക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. മണിപ്പൂരിൽ പൂർണമായും സമാധാനം കൊണ്ടുവരിക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. കേന്ദ്രസർക്കാരും ജനങ്ങളും ആവശ്യപ്പെട്ടാൽ രാജി വെയ്‌ക്കാൻ തയ്യാറാണ്. ക്രമസമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. സംസ്ഥാനത്തെ അശാന്തിക്ക് കാരണം അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്ന് കടത്തുകാരുമാണെന്നും അനധികൃത കുടിയേറ്റം തടയാൻ പരമാവധി ശ്രമിക്കുകയാണെന്നും ബിരേൻ സിംഗ് പറഞ്ഞു.
‘ഞാൻ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ പ്രവർത്തകനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. കേന്ദ്ര നേതൃത്വം ഉത്തരവിട്ടാൽ ഞാൻ അത് പാലിക്കണം. ഇപ്പോൾ, മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്തുകയും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുകയുമാണ് എന്റെ പ്രധാന ലക്ഷ്യം. ആരും എന്നോട് രാജിവെയ്‌ക്കാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അനധികൃത കുടിയേറ്റം തടയാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. മണിപ്പൂരിൽ കുക്കികളും മെയിത്തികളും ഉൾപ്പെടെ 34 ഗോത്രങ്ങളുണ്ട്’.
‘ഇവിടെ താമസിക്കുന്ന ആളുകൾ ഒറ്റക്കെട്ടാണ്. എന്നാൽ ചിലർ ഒരു റാലിയുടെ പേരിൽ സംസ്ഥാനം കത്തിച്ചു. അനധികൃത കുടിയേറ്റക്കാരെ ഞങ്ങൾ പരിശോധിക്കാൻ തുടങ്ങി. എല്ലാം ആരംഭിച്ചു കഴിഞ്ഞു. തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും ഉൾപ്പെടെ പുറത്തുനിന്നുള്ളവരാണ് ഇതെല്ലാം ചെയ്യുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സൈന്യവും അതിനായി പ്രവർത്തിക്കുന്നു. കാര്യങ്ങൾ വളരെ വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നും ബിരേൻ സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
















Comments