ഇന്ന് കൊളംബിയക്കായി വനിതാ ലോകകപ്പിൽ അരങ്ങേറി ദക്ഷിണ കൊറിയക്കെതിരെ ഗോൾ നേടിയപ്പോൾ ലിന്റ കൈസേദോ രചിച്ചത് പുതുചരിത്രം.അണ്ഡാശയ ക്യാൻസർ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിന്റ ഫുട്‌ബോൾ ലോകത്തിനൊപ്പം കോടിക്കണക്കിന് ആരാധക ഹൃദയങ്ങളുമാണ് കീഴടക്കിയത്.
18 വയസ്സ് മാത്രം പ്രായമുളള ഈ താരത്തിനായി ആരാധകർ സല്യൂട്ടടിച്ചത് വെറുതെയല്ല. 15-ാം വയസ്സിൽ തന്നെ പിടികൂടിയ അർബുദത്തെ തോൽപ്പിച്ചാണ് ലിന്റ മൈതാനത്തിറങ്ങുന്നത്. ലിന്റയുടെ ഫുട്‌ബോളിലേക്കുളള തിരിച്ചുവരവിൽ ഇന്ത്യക്കാർക്കും സന്തോഷിക്കാം. കാരണം കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഏറ്റവും ഗോൾ നേടിയ താരങ്ങലിലൊരാളായിരുന്നു ലിന്റ.
കൊളംബിയൻ ദേശീയടീമിനായി അരങ്ങേറിയതിന് തൊട്ടുപിന്നാലെയാണ് ലിന്റയെ ക്യാൻസറും പിടികൂടിയത്.ഇപ്പോൾ കൊളംബിയയുടെ മുൻനിര ഫോർവേഡുകളിലൊരാളായ ലിന്റ ക്ലബ്ബ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ താരമാണ്. 2022 ൽ കോപ്പ അമേരിക്കയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിന്റ 2022 ൽ അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ കൊളംബിയക്ക് ആയി ഗോൾ നേടി.
17-ാം വയസ്സിൽ ലോകകപ്പിൽ ഗോൾ നേടിയ ബ്രസീൽ ഇതിഹാസം മാർത്തക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ലിന്റയാണ്. ലിന്റയുടെ മികവിൽ ലോകകപ്പിൽ ചരിത്രം കുറിക്കാനാണ് കൊളംബിയൻ ശ്രമം. നിലവിൽ ദക്ഷിണ കൊറിയക്ക് ഒപ്പം ജർമ്മനിയും മൊറോക്കോയും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് അവസാന പതിനാറിൽ എത്താൻ കൊളംബിയക്ക് പ്രയാസമുണ്ടാകില്ല.
Comments